The Epistle of St. Ignatius of Antioch to the Philadelphians

The Epistle of St. Ignatius of Antioch to the Philadelphians

വി. ഇഗ്നേഷ്യസ്‌ ഫിലഡെല്‍ഫിയകാര്‍ക്ക്‌ എഴുതിയ ലേഖനം

അഭിവാദനം

തിയോഫോറസ്‌ ആയ ഇഗ്നേഷ്യസ്‌, പിതാവായ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയും ദൈവൈക്യത്തില്‍ സ്ഥാപിതമായതും, നമ്മുടെ കര്‍ത്താവിന്റെ സഹനത്തിലും ഉത്ഥാനത്തിലും ആനന്ദം കൊള്ളുകയും അനുകമ്പ കണ്ടെത്തുകയും എല്ലാ കാരുണ്യത്തിലും ഉറപ്പുള്ളവരാക്കപ്പെടുകയും ചെയ്‌ത ഏഷ്യയിലെ ഫിലാഡെല്‍ഫിയയിലുള്ള സഭയെ ശ്വാശ്വതവും, എന്നും നിലനില്‍ക്കുന്നതുമായ യേശുക്രിസ്‌തുവിന്റെ രക്തത്തില്‍ അഭിവാദ്യം ചെയ്യുന്നു. യേശുക്രിസ്‌തുവിന്റെ തിരുമനസ്സിനാല്‍ നിയോഗിക്കപ്പെട്ട മെത്രാനോടും, പുരോഹിതരോടും ഡീക്കന്‍മാരോടും സഭ ഐക്യത്തിലാണെങ്കില്‍ പ്രത്യേകമായി അഭിവാദ്യം അര്‍പ്പിക്കുന്നു. കാരണം, അവര്‍ അവന്റെ പരിശുദ്‌ധാത്‌മാവിനാലും, അവന്റെ തിരുമനസ്സിനോട്‌ അനുസൃതമായുള്ള സുരക്ഷിത്വത്തിലും നിയോഗിക്കപ്പെട്ടിരിക്കുന്നു.

അദ്ധ്യായം - 1 മെത്രാന്‌ പ്രശംസ

നിങ്ങളുടെ മെത്രാന്‍ തന്നിലൂടെയും മറ്റുള്ളവര്‍ മുഖാന്തിരവുമല്ലാതെ പൊതുന്മയുടെ ശുശ്രൂഷ നേടിയെടുത്തതായി ഞാന്‍ അറിഞ്ഞിരിക്കുന്നു. അത്‌ അര്‍ത്ഥശൂന്യമായതിലൂടെയല്ല, മറിച്ച്‌ പിതാവായ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയും സ്‌നേഹത്താലത്ര. ഈ മിതത്വം എന്നെ ലജ്ജിതനാക്കുന്നു. നിശബ്‌ദനാണെങ്കിലും പാഴ്‌വാക്കുകള്‍ പുലമ്പുന്നവരേക്കാള്‍ ബലവാനാണവന്‍. സാരംഗി അതിന്റെ തന്ത്രികളോട്‌ എന്നപോലെ അവന്‍ കല്‍പനകളോട്‌ പൊരുത്തപ്പെട്ടിരിക്കുന്നു. ദൈവത്തോടുള്ള അദ്ദേഹത്തിന്റെ അഭിമുഖ്യവും ജീവിക്കുന്ന ദൈവത്തിലുള്ള അദ്ദേഹത്തിന്റെ സുസ്ഥിരതയും ശാന്തതയും, സുകൃതപരവും സമ്പൂര്‍ണ്ണവുമാണെന്ന്‌ അറിഞ്ഞ്‌കൊണ്ട്‌ തന്നെ എന്റെ ആത്മാവ്‌ സന്തോഷിക്കുന്നു.

അദ്ധ്യായം - 2 മെത്രാനോടുളള ഐക്യം കാത്തുസൂക്ഷിക്കുക

അതിനാല്‍ സത്യത്തിന്റെയും പ്രകാശത്തിന്റെയും മക്കളായിരുന്നുകൊണ്ട്‌ ഭിന്നതയും തെറ്റായ പഠനങ്ങളും ഉപേക്ഷിക്കുക. എവിടെ ഇടയന്‍ ഉണ്ടോ, അവനെ ആടുകളെ പോലെ പിന്‍തുടരുക. മതിപ്പുളവാക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില കുറുക്കന്‍മാരുണ്ട്‌. ഹാനീകരമായ സുഖത്തിന്റെ മാര്‍ഗങ്ങളിലൂടെ അവര്‍ ദൈവത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവരെ തടവിലാക്കുന്നു. എന്നാല്‍ നിങ്ങള്‍ ഐക്യത്തില്‍ വ്യാപരിക്കുകയാണെങ്കില്‍ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.

അദ്ധ്യായം - 3 ശീശ്‌മകളെ ഒഴിവാക്കുക

ക്രിസ്‌തു വളര്‍ത്താതതും, പിതാവിനാല്‍ വച്ചുപിടിപ്പിക്കപ്പെടാത്തതുമായ തിന്മയുടെ പച്ചപ്പില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുക. നിങ്ങളുടെയിടയില്‍ അങ്ങനെയൊരു ഭിന്നതയല്ല ഞാന്‍ കണ്ടത്‌, മറിച്ച്‌ വിശുദ്ധിയാണ്‌. ദൈവത്തിന്റെയും, യേശുക്രിസ്‌തുവിന്റെയും ആയ സകലരും, മെത്രാനോടൊപ്പമാണ്‌. അനുതപിച്ച്‌ സഭൈക്യത്തിലേക്ക്‌ പ്രവേശിച്ചവരും ദൈവത്തിന്റെതാകും. എന്തെന്നാല്‍ അവര്‍ യേശുക്രിസ്‌തുവിനനുസൃതമായി ജീവിക്കും. എന്റെ സഹോദരാ, ഒരിക്കലും വഞ്ചിക്കപ്പെടാതിരിക്കുക. ആരെങ്കിലും ഏതെങ്കിലും ശീശ്‌മയെ അനുഗമിക്കുന്നുണ്ടെങ്കില്‍, അവന്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല. ആരെങ്കിലും ഭിന്നാഭിപ്രായത്തില്‍ ചരിക്കുന്നുണ്ടെങ്കില്‍ അവന്‍ ക്രിസ്‌തുവിന്റെ പീഢാസഹനങ്ങളോട്‌ സമ്മതനല്ല.

അദ്ധ്യായം - 4 ഒരേയൊരു വിശുദ്ധ ബലി ഉണ്ടായിരിക്കട്ടെ

അദ്ധ്വാനശീലമുള്ളവരായിരിക്കുക. ഒരേ ബലിയര്‍പ്പിക്കുവാന്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ഒരേ ശരീരവും, അവന്റെ രക്തത്തോട്‌ ഐക്യത്തിലാകുവാന്‍ ഒരേ പാനപാത്രവും ഒരേ അള്‍ത്താരയുമാണുളളത്‌. അതുകൊണ്ട്‌ ഒരേ മെത്രാനോടൊന്നിച്ച്‌ എന്റെ സഹശുശ്രൂഷകരായ പുരോഹിതരോടും, ഡീക്കന്‍മാരോടും‡കൂടി ലക്ഷ്യപ്രാപ്‌തിക്ക്‌ വേണ്ടി നിങ്ങള്‍ എന്തെല്ലാമാണോ ചെയ്യുന്നത്‌, അവ ദൈവത്തിനനുസൃതമായി ചെയ്യുവിന്‍.

അദ്ധ്യായം -5 എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍

എന്റെ സഹോദരങ്ങളെ, നിങ്ങളോടുള്ള സ്‌നേഹത്തെപ്രതി അളവറ്റ ആനന്ദത്തോടുകൂടി ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ നിന്നെ സ്ഥിരീകരിക്കുന്നു. എന്നാല്‍ ഞാനല്ല, യേശുക്രിസ്‌തുവാണ്‌ നിന്നെ സ്ഥിരീകരിക്കുന്നത്‌. അവന്റെ നന്മയ്‌ക്കു വേണ്ടിയാണ്‌ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നതെങ്കിലും, സഹനത്തില്‍ പരിപൂര്‍ണ്ണനാക്കപ്പെട്ടിട്ടില്ല എന്നതിനെ ഓര്‍ത്ത്‌ ഞാന്‍ കൂടുതല്‍ ഭയപ്പെടുന്നു. പക്ഷെ ദൈവത്തിങ്കലേക്കുയരുന്ന നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ എന്നെ പൂര്‍ണ്ണനാക്കും. എനിക്ക്‌ നല്‌കപ്പെട്ടിരിക്കുന്ന കാരുണ്യത്തില്‍ ഞാന്‍ ഈ ലക്ഷ്യം കൈവരിച്ചേക്കാം; അതേസമയം സുവിശേഷത്തിലേക്ക്‌ എന്നതുപോലെ യേശുവിന്റെ മാംസത്തിലേക്കും സഭയിലെ പുരോഹിതരിലേക്ക്‌ എന്നപോലെ അപ്പോസ്‌തോലന്‍മാരിലേക്കും ഞാന്‍ അഭയം തേടുന്നു. നമ്മുക്ക്‌ പ്രവാചകന്മാരെയും സ്‌നേഹിക്കാം. എന്തുകൊണ്ടെന്നാല്‍ അവര്‍ സുവിശേഷത്തിന്റെ ഘോഷകരായിരുന്നു. അവര്‍ അവനില്‍ പ്രത്യാശയര്‍പ്പിക്കുകയും കാത്തുനില്‍ക്കുകയും വിശ്വസിക്കുകയും ചെയ്‌തു. യേശുക്രിസ്‌തുവിന്റെ ഐക്യത്തില്‍ അവര്‍ രക്ഷിക്കപ്പെട്ടു. വിശുദ്ധരും, പരിശുദ്ധരും ആയിരിക്കുകയും സ്‌നേഹത്തിനും ആദരവിനും അര്‍ഹരാവുകയും, യേശുക്രിസ്‌തുവിന്‌ സാക്ഷികളായിരുന്നുകൊണ്ട്‌ പൊതു പ്രത്യാശയുടെ സുവിശേഷത്തില്‍ ഒരുമിച്ച്‌ എണ്ണപ്പെട്ടവരുമാണവര്‍.

അദ്ധ്യായം - 6 യഹൂദമതത്തെ സ്വീകരിക്കരുത്‌.

ആരെങ്കിലും നിന്നോട്‌ യഹൂദമതം പ്രസംഗിച്ചാല്‍ അവനെ ശ്രവിക്കാതിരിക്കുക. പരിച്ഛേദനം ചെയ്യപ്പെടാത്ത ഒരുവനില്‍ നിന്ന്‌ യഹൂദമതം ശ്രവിക്കുന്നതിനേക്കാള്‍ നല്ലത്‌, പരിച്ഛേദനം ചെയ്യപ്പെട്ട ഒരുവനില്‍ നിന്ന്‌ ക്രിസ്‌തുമതം ശ്രവിക്കുന്നതാണ്‌. ഇവ രണ്ടും യേശുക്രിസ്‌തുവിനെ കുറിച്ച്‌ സംസാരിക്കുന്നില്ലെങ്കില്‍ എന്റെ കാഴ്‌ചപ്പാടില്‍ മനുഷ്യരുടെ പേരുകള്‍ മാത്രം എഴുതപ്പെട്ട ശവകുടീരങ്ങളും ശ്‌മശാനങ്ങളുമാണവ. അതിനാല്‍ ഈ ലോകത്തിന്റെ ഭരണകര്‍ത്താവിന്‌ വേണ്ടിയുള്ള കാത്തിരിപ്പിലെ തിന്മയുടെ വഴികളെയും അസത്യങ്ങളെയും ഒഴിവാക്കുക. അല്ലാത്തപക്ഷം അവന്റെ സ്വാധീനത്താല്‍ അസ്വസ്ഥരായി നിങ്ങള്‍ സ്‌നേഹത്തില്‍ കുറവുള്ളവരാകും. വിഭജിക്കപ്പെടാത്ത ഹൃദയത്തോടുകൂടി നിങ്ങള്‍ എല്ലാവരും ഐക്യത്തിലായിരിക്കുവിന്‍. നിങ്ങളുടെയിടയിലെ ഒരു നല്ല മനസാക്ഷിക്കാരനെന്ന നിലയില്‍ ഞാന്‍ എന്റെ ദൈവത്തിന്‌ നന്ദി പറയുന്നു. ചെറിയതോ വലിയതോ ആയ ഒരു കാര്യത്തിലും ഞാന്‍ ആര്‍ക്കെങ്കിലും ഭാരമായിരുന്നുവെന്ന്‌ രഹസ്യമായോ പരസ്യമായോ ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. ആരോടെല്ലാമാണോ ഞാന്‍ സംസാരിച്ചത്‌ അവര്‍ ഇക്കാര്യങ്ങള്‍ അവര്‍ക്കെതിരെയുള്ള സാക്ഷ്യമായി കരുതാതിരിക്കട്ടെയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

അദ്ധ്യായം - 7 ഐക്യത്തിലായിരിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉദ്‌ബോധിപ്പിച്ചു

കുറച്ച്‌ പേര്‍ക്ക്‌ ഞാന്‍ ഭൗതികനാണെന്ന്‌ തെറ്റിദ്ധാരണ വന്നെങ്കിലും മറഞ്ഞിരിക്കുന്നതിനെ പരിശോധിക്കുകയും, എവിടെ നിന്നാണ്‌ വരുന്നതെന്നും എവിടെക്കാണ്‌ പോകുന്നതെന്നും അറിയുന്ന ദൈവമാത്മാവ്‌ എല്ലാം മനസ്സിലാക്കുന്നു. മെത്രാനും പുരോഹിതര്‍ക്കും ഡീക്കന്മാര്‍ക്കും ആദരവ്‌ കൊടുക്കുവിന്‍ എന്ന്‌ പറഞ്ഞുകൊണ്ട്‌ നിങ്ങളുടെയിടയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ കരയുകയും ഉച്ചസ്വരത്തില്‍ സംസാരിക്കുകയും ചെയ്‌തിട്ടുണ്ട്‌. പക്ഷേ ഇക്കാര്യങ്ങളെല്ലാം ഞാന്‍ സംസാരിച്ചെന്ന്‌ അവര്‍ സംശയിച്ചു. എന്തുകൊണ്ടെന്നാല്‍ അവരുടെയിടയില്‍ ഭിന്നതയുണ്ടെന്ന്‌ ഞാന്‍ മുന്‍പേ അറഞ്ഞിരുന്നു. പക്ഷേ മാനുഷികമായ വഴികളിലൂടെയല്ല ഞാന്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത്‌ എന്നതിന്‌ ആരുടെപേരിലാണോ ഞാന്‍ ബന്ധനസ്ഥനായത്‌ അവന്‍ എനിക്ക്‌ സാക്ഷിയാണ്‌. ഇക്കാര്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട്‌ ആത്മാവ്‌ പ്രസംഗിച്ചു. മെത്രാനില്‍ നിന്നകന്ന്‌ ഒന്നും ചെയ്യരുത്‌. നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിന്റെ ആലയമായി സൂക്ഷിക്കുക. ഐക്യത്തെ സ്‌നേഹിക്കുക. ഭിന്നതകളെ ഒഴിവാക്കുക. യേശുക്രിസ്‌തു തന്റെ പിതാവിന്റേതായിരിക്കുന്നതു പോലെ അവനെ അനുകരിക്കുന്നവരാകുക.

അദ്ധ്യായം - 8 ഐക്യത്തെക്കുറിച്ചു തന്നെ

ഐക്യത്തിനുവേണ്ടി ഒരുക്കപ്പെട്ട ഒരു പൂര്‍ണ്ണ മനുഷ്യനെന്നപോലെ, ഞാന്‍ എന്റെ ശരിയായ ജോലികള്‍ ചെയ്‌തു. എവിടെ വിദ്വേഷവും ഭിന്നതയുമുണ്ടോ അവിടെ ദൈവം വസിക്കുന്നില്ല. ആരൊക്കെ അനുതപിക്കുന്നുവോ, പ്രത്യേകിച്ച്‌ ദൈവൈക്യത്തോടും മെത്രാന്‍മാരുടെ സമ്മേളനങ്ങളോടും അനുസൃതമായി അവരോട്‌ ദൈവം ക്ഷമിക്കുന്നു. സകല ബന്ധനങ്ങളില്‍ നിന്നും നിന്നെ മോചിപ്പിക്കുന്ന യേശുക്രിസ്‌തുവിന്റെ കൃപയില്‍ ഞാന്‍ പ്രത്യാശിക്കുന്നു. കലഹത്തിന്റെതായ യാതൊന്നും ചെയ്യരുതെന്നും, മറിച്ച്‌ ക്രിസ്‌തുവിന്റെ അച്ചടക്കത്തിനനുസൃതമായി ചെയ്യണമെന്നും ഞാന്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. ചില മനുഷ്യര്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌; "പൗരാണികത്വത്തില്‍ സുവിശേഷത്തെ കണ്ടെത്തുന്നില്ലെങ്കില്‍ ഞാന്‍ വിശ്വസിക്കുകയില്ല''. അവ എഴുതപ്പെട്ടിരിക്കുന്നു എന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞപ്പോള്‍ അവ തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്‌ എന്ന്‌ അവര്‍ മറുപടി പറഞ്ഞു. പക്ഷേ എന്റെ ഉറവിടങ്ങള്‍ യേശുക്രിസ്‌തുവും അവന്റെ കുരിശും അവന്റെ മരണവും അവന്റെ ഉത്ഥാനവുമാണ്. അവനിലുള്ള വിശ്വാസം അലംഘ്യമായ ഉറവിടമാണ്‌. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെ ഞാന്‍ ന്യായീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.

അദ്ധ്യായം - 9 പഴയനിയമം നല്ലതുതന്നെ: എന്നാല്‍ പുതിയനിയമമാണ്‌ ഉത്തമം.

പുരോഹിതര്‍ നല്ലവര്‍ തന്നെ; പക്ഷെ പരിശുദ്ധരുടെ പരിശുദ്ധനാല്‍ ഭരമേല്‌പിക്കപ്പെട്ട അത്യുന്നത പുരോഹിതനാണ്‌ കൂടുതല്‍ ഉത്തമം. അവന്‍ മാത്രമാണ്‌ ദൈവത്തിന്റെ രഹസ്യങ്ങളില്‍ ഭരമേല്‌പ്പിക്കപ്പെട്ടവന്‍. പിതാവിന്റെ പ്രവേശനകവാടമായ അവനിലൂടെയാണ്‌ അബ്രാഹവും ഇസഹാക്കും പ്രവാചകരും അപ്പോസ്‌തോലന്മാരും സഭയും ദൈവൈക്യത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. പക്ഷേ, സുവിശേഷത്തിന്‌ സവിശേഷമായ ചില പ്രത്യേകതകളുണ്ട്‌. അവ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ആഗമനവും, അവന്റെ പീഡാസഹനവും ഉത്ഥാനവുമാണ്‌. പ്രിയപ്പെട്ട പ്രവാചകന്മാ ര്‍ അവന്‌ മുന്നോടിയായിരുന്നു. കളങ്കമില്ലായ്‌മയുടെ പരിപൂര്‍ണ്ണതയാണ്‌ സുവിശേഷം. നിങ്ങള്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ എല്ലാ കാര്യങ്ങളും നല്ലതായിരിക്കും.

അദ്ധ്യായം -10 പീഡനത്തിന്റെ അരികിലുളള അന്ത്യോക്യക്കാരെ അനുമോദിക്കുന്നു

നിങ്ങള്‍ക്ക്‌ യേശുക്രിസ്‌തുവിലുള്ള പ്രാര്‍ത്ഥനയോടും കാരുണ്യത്തോടും അനുസൃതമായി സിറിയായിലെ അന്ത്യോക്യയിലെ സഭ സമാധാനത്തിലാണ്‌ എന്ന്‌ എന്നോട്‌ അറിയിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ദൂതനായി അങ്ങോട്ട്‌ പോകുവാന്‍ ദൈവത്തിന്റെ സഭയിലെന്ന പോലെ ഒരു ഡീക്കനെ തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ക്കും അത്‌ സാധ്യമാകും. അതിനാല്‍ എപ്പോള്‍ നിങ്ങള്‍ ഒരുമിച്ചായിരിക്കുന്നുവോ, അപ്പോഴെല്ലാം നിങ്ങള്‍ക്ക്‌ അവരോടൊപ്പം ആഹ്‌ളാദിക്കാനും തിരുനാമത്തെ മഹത്വപ്പെടുത്താനും സാധിക്കും. ഈ ശുശ്രൂഷയുടെ യോഗ്യതയെ നിനയ്‌ക്കുന്നവന്‍ യേശുക്രിസ്‌തുവില്‍ അനുഗ്രഹീതനും, മഹത്വപ്പെട്ടവനുമാകും. ഇപ്പോള്‍ ദൈവനാമത്തിന്റെ മുന്‍പില്‍ ഇവ ചെയ്യാന്‍ നിങ്ങള്‍ മനസ്സുള്ളവരാണെങ്കില്‍ അത്‌ അസാധ്യമല്ല. സമീപമുള്ള സഭകള്‍പോലും ചിലര്‍ മെത്രാന്‌മാരെയും മറ്റുചിലര്‍ പുരോഹിതരെയും ഡീക്കന്‌മാരെയും അയച്ചിട്ടുണ്ട്‌.

അദ്ധ്യായം -11 നന്ദിയും ഉപചാരവും

സിറിയയില്‍ നിന്ന്‌ എന്നെ അനുധാവനം ചെയ്‌ത തിരഞ്ഞെടുക്കപ്പെട്ട മനുഷ്യനായ റേയൂസ്‌ അഗാത്തോപ്പസിനോടൊപ്പം സിലിസ്യയില്‍ നിന്ന്‌ സല്‍കീര്‍ത്തിയുള്ള ഡീക്കന്‍ ഫിലോ ഇപ്പോഴും എനിക്ക്‌ ദൈവവചന ശുശ്രൂഷ ചെയ്‌തു കൊണ്ടിരിക്കുന്നു. നിങ്ങള്‍ അവരെ സ്വീകരിച്ചതിനെപ്രതി ഞാന്‍ ദൈവത്തിന്‌ നന്ദി പറയുന്നു. ദൈവം നിങ്ങളെയും സ്വീകരിച്ചിരിക്കുന്നു. പക്ഷേ ആരെങ്കിലും അവരെ അപമാനിച്ചെങ്കില്‍ യേശുക്രിസ്‌തുവിന്റെ കൃപാവരത്താല്‍ അവരോട്‌ ക്ഷമിക്കപ്പെടട്ടെ. ത്രോവാസില്‍ നിന്നുള്ള സഹോദരസ്‌നേഹം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. എഫേസോസിലേയും സമിര്‍ണ്ണായിലെയും ജനങ്ങളുടെ ബഹുമാനാര്‍ത്ഥം എന്നോട്‌ കൂടെ അയക്കപ്പെട്ട ബര്‍ഹസ്‌ മുഖേന ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു. അവര്‍ പ്രത്യാശിക്കുന്ന കര്‍ത്താവായ യേശുക്രിസ്‌തു തന്നെ അവരെ ശരീരത്തിലും ആത്മാവിലും, സ്‌നേഹത്തിലും, വിശ്വാസത്തിലും ഐക്യത്തിലും ആദരിക്കട്ടെ. നമ്മുടെ പ്രത്യാശയായ യേശുക്രിസ്‌തുവില്‍ വിട ചൊല്ലുന്നു.