Le due Apologie di San Giustino in Malayalam

Le due Apologie di San Giustino in Malayalam

Tradotto da Nidhin Mathew e Joseph Mathew a partire da http://www.newadvent.org/fathers/0109.htm

വി. ജസ്റ്റിന്‍ സമറിയാ പട്ടണത്തിലെ ഫ്ലാവിയൂസ് നേപ്പിള്‍സ് എന്ന സ്ഥലത്ത് ക്രിസ്തുവര്‍ഷം 114- നോടു കൂടിയാണ് ജസ്റ്റിന്‍ ജനിച്ചത്.അദ്ദേഹത്തിന്‍റെ പിതാവും പിതാമഹനും റോമന്‍ പൗരന്മായിരുന്നു. ക്രിസ്തുമതം സ്വീകരിക്കുന്നതിനുമുമ്പ് തത്വശാസ്ത്രത്തില്‍ അവഗാഹമായ അറിവ് അദ്ദേഹം നേടിയിരുന്നു. പിന്നീട് ക്രിസ്തുമതവിശ്വാസങ്ങള്‍ പലതും മരണം, ശരീരങ്ങളുടെ ഉയിര്‍പ്പ്, നിത്യത, മനുഷ്യാത്മാവ് എന്നിവയെല്ലാം ഫിലോസഫിയുടെ വെളിച്ചത്തില്‍ ജനങ്ങള്‍ക്കും വിജാതീര്‍ക്കും വിശദീകരിച്ചു കൊടുക്കാന്‍ അദ്ദേഹത്തിനായി. സുവിശേഷ പഠനങ്ങള്‍ ഫിലോസഫിയുടെ വെളിച്ചത്തില്‍ പഠിപ്പിച്ചിരുന്ന അദ്ദേഹം ഒരുപാടു സഞ്ചരിക്കുകയും എഫേസോസ് , റോമ എന്നിവിടങ്ങളില്‍ താമസിച്ച് ക്രിസ്തുമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുകയും തത്വചിന്തകരുമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തെകുറിച്ച് കൂടുതലും നമ്മളറിയുന്നത് അദ്ദേഹത്തിന്‍റെ എഴുത്തുകളിലൂടെയാണ്. ക്രസ്ത്യന്‍ അപ്പോളജികള്‍ ആദ്യമായി അവതരിപ്പിച്ചത് ജസ്റ്റിനായിരുന്നു. 'ത്രിഫോയുമായുള്ള സംവാദം', 'ഡയണേഷ്യസിനുള്ല ലേഖനം', 'ഗ്രീക്കുകാര്‍ക്കുള്ള കത്തുകള്‍' എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട രചനകളാണ്. മാര്‍ക്കൂസ് ഔറേലിയൂസിന്‍റെ കാലത്ത് എ.ഡി 165- ല്‍ അദ്ദേഹം രക്ത സാക്ഷിത്വം വഹിച്ചു.

ഒന്നാം സമര്‍ത്ഥനം

1.അഭിസംബോധന ചക്രവര്‍ത്തിയായ തീത്തൂസ് ഏലിയാസ് അഡ്രിയാനൂസ് അന്തോണിനൂസ് പിയൂസ് അഗസ്തസ് സീസറിനും അദ്ദേഹത്തിന്‍റെ പുത്രന്‍ പ്രഗത്ഭനായ തത്വചിന്തകനും, തത്വചിന്തകന്‍ ലൂച്ചിയൂസിനും, ദത്തു പുത്രനും, വന്ദ്യ സെനറ്റിനുംപാലസ്തീനടുത്തുള്ള ഫ്ലാവിയ നേപ്പിള്‍സിലെ പ്രിസ്കിയൂസിന്‍റെ മകനും ബാക്കിയൂസിന്‍റെ പേരക്കിടാവുമായ ജസ്റ്റിന്‍ ഞാനടക്കം നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന എല്ലാവരുടെയും പേരില്‍ അയയ്ക്കുന്നത് ഇതെല്ലാം പ്രയോജന രഹിതമാണെങ്കില്‍ക്കൂടി യഥാര്‍ത്ഥ ഭക്തിയിലും താത്വകി ശാസ്ത്രത്തിലും സ്നേഹത്തിലും വളര്‍ത്തപ്പെട്ട ഒരുവന്‍ എപ്പോഴും സത്യമെന്തെന്നേ അന്വേഷിക്കൂ, അത് പരമ്പരാഗതമായി പറയപ്പെട്ടുവരുന്ന ഒരു കാര്യമാണെങ്കില്‍ക്കൂടി. തെറ്റുപഠിപ്പിച്ചവരില്‍ നിന്ന് അകന്നു മാറാന്‍ മാത്രമല്ല യുക്തി ചിന്ത നമ്മെ സഹായിക്കുന്നത്, മറിച്ച് ശരിക്കു വേണ്ടി മരണം വരെ നിലകൊള്ളാനുള്ള കരുത്ത് അതു നമുക്കു തരുന്നു. അതിനാലാണ് ഞാന്‍ നിങ്ങളെ ഭക്തരെന്നും താത്വികരെന്നും വിജ്ഞാന ദാഹികളെന്നും അഭിസംബോധന ചെയ്തത്. അത് അങ്ങനെ തന്നെയായിരിക്കുകയും വേണം. ഈ എഴുത്തിലൂടെ ഞാന്‍ നിങ്ങളെ പ്രകോപിക്കുകയല്ല, അഭിസംബോധനയിലൂടെ പുകഴ്ത്തുകയുമല്ല, മറിച്ച് കൃത്യതയും വ്യക്തതയുമാര്‍ന്ന ഒരു അന്വേഷണം നടത്തി, മുന്‍വിധികളോ, അനാചാരങ്ങള്‍ നടടത്തുന്ന അന്ധവിശ്വാസികളെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹമില്ലാതെ, യുക്തി സഹമല്ലാത്ത പ്രേരണകളില്ലാത്ത ഒരു വിധി നിര്‍ണ്ണയം നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നിങ്ങളോടു തന്നെയുള്ള ഒരു തീരുമാനമാകണം. ഞങ്ങളിലൊരു പൈശാചികതയുമില്ല, ഞങ്ങളുടെമേല്‍ അങ്ങനെ ആരോപിക്കപ്പെടുന്നെങ്കില്‍ പോലും, ഞങ്ങള്‍ ശാപകാരികളുമല്ല. എന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാം പക്ഷേ വേദനിപ്പിക്കാന്‍ കഴിയില്ല.

2.നീതിപരമായ ഒരു അന്വേഷണത്തിന്‍റെ ആവശ്യകത ഇത് യുക്തിസഹമല്ലാത്ത ഒരു പ്രഖ്യാപനമാണെന്ന് ചിന്തിക്കുന്ന ഏതൊരാള്‍ക്കും തോന്നുന്ന പക്ഷം ഞങ്ങള്‍ ആവശ്യപ്പെടുന്നത് ക്രിസ്ത്യാനികള്‍ക്കെതിരയെുള്ള ആരോപണങ്ങള്‍ നിങ്ങള്‍ വസ്തു നിഷ്ടമായി അന്വേഷിക്കണമെന്നാണ്. അതില്‍ അവര്‍ ശിക്ഷ അര്‍ഹിക്കുന്നവരാണെന്നു തെളിഞ്ഞാല്‍ അത് നടപ്പാക്കണമെന്നു തന്നെയാണ്. ഇനി ഞങ്ങള്‍ കുറ്റക്കാരല്ലെന്നു തെളിഞ്ഞാല്‍ യഥാര്‍ത്ഥ സത്യം നിങ്ങളോടു ക്ഷമിക്കട്ടെ, തെറ്റായി ചമക്കപ്പെട്ട ആ ആരോപണത്തെ പ്രതി, വ്യാജാരോപിതരായ നിഷ്കളങ്കരെപ്രതി, ന്യായമില്ലാത്ത അഭിവാജ്ഞ കൊണ്ട് കൊല്ലാന്‍ ഉദ്യമിക്കുന്ന നിങ്ങളോടു തന്നെ യഥാര്‍ത്ഥ സത്യം ക്ഷമിക്കട്ടെ. സത്യസന്ധനായ ഏതൊരു പൗരനും പേടികൂടാതെ, മരണഭയമില്ലാതെ ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഭരണകര്‍ത്താക്കള്‍ അവരെ അനുസരിപ്പിക്കേണ്ടത് അക്രമവും കലഹവും കൊണ്ടല്ല തത്വചിന്തയും ദൈവഭയവും കൊണ്ടാണ്. അതിനാല്‍ നിയമകര്‍ത്താക്കളും നിയമാനുസാരികളും തത്തുല്യമായി അതില്‍ പങ്കുപറ്റേണ്ടതാണ്. പൂര്‍വ്വികര്‍ പണ്ട് പറഞ്ഞിട്ടുള്ളതുപോലെ ''ഭരണകര്‍ത്താക്കളും പ്രജകളും ഒരേപോലെ താത്വിക വത്കരിക്കപ്പെടുന്നില്ലെങ്കില്‍ നാട് അനുഗ്രഹിക്കപ്പെടുകയില്ല''. അതിനാല്‍ ഇന്നോളം മനസിന്‍റെ അന്ധതമൂലവും ചിന്തയുടെ യുക്തിയില്ലാതെയും നാം കൈക്കൊണ്ട എല്ലാ തെറ്റായ തീരുമാനങ്ങള്‍ക്കും വിധിനിര്‍ണ്ണയങ്ങള്‍ക്കും പരിഹാരം ചെയ്യുകയെന്നത് നമ്മുടെ കടമായണ്. കാരണം യുക്തി നമ്മോടതാവശ്യപ്പെടുന്നു. നീതിയല്ല നാം പ്രവര്‍ത്തിച്ചതെങ്കില്‍ സത്യമെന്തെന്ന് അറിയുമ്പോഴേക്കും ദൈവത്തിന്‍റെ മുമ്പിന്‍ നമുക്ക് ന്യായീകരണങ്ങളുണ്ടാവില്ല.

3. ക്രിസ്ത്യാനിയെന്ന പേരു കൊണ്ടു മാത്രം അന്യായമായി ക്രൂശിക്കപ്പെടുന്നു ചെയ്യുന്ന പ്രവൃത്തികളിലെ നന്മയോ തിന്മയോ നോക്കാതെ, ശരിയെന്നോ തെറ്റെന്നോ നോക്കാതെ ക്രിസ്ത്യാനിയെന്ന ഒരൊറ്റ പേരു കൊണ്ടു മാത്രമാണ് ഞങ്ങള്‍ ക്രൂശിക്കപ്പെടുന്നതും തടവിലാക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ ഞങ്ങളുടെ പ്രവൃത്തികളില്‍ നിങ്ങള്‍ ഞങ്ങള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നോ ഒരു പൗരനെന്ന നിലയിലുള്ള കടമകളില്‍ വീഴ്ച വരുത്തുകയോ ചെയ്തിട്ടുണ്ടെന്നോ തെളിയിക്കാനാവാത്ത പക്ഷം വെറും ഒരു പേരിന്‍റെ പുറത്ത് ഞങ്ങളെ ബന്ധിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അപേക്ഷിക്കാനുള്ള ന്യായമായ അവകാശം ഞങ്ങള്‍ക്കുണ്ട്. ഇവിടെ കുറ്റകാരണം ഒരു പേരാണ്, ചെയ്ത പ്രവൃത്തികളിലെ തെറ്റല്ല, അതു തെളിയിക്കപ്പെട്ടിട്ടുമില്ല. ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്രിസ്ത്യാനിയെന്ന പേരാണ് തെളിവായെടുത്തിരിക്കുന്നത്. എന്നാല്‍ ഒരുവന്‍ ക്രിസ്ത്യാനിയല്ലെന്ന് ഏറ്റുപറയുകയാണെങ്കില്‍ അവനെ യാതൊരു തെളിവും ആവശ്യപ്പെടാതെ മോചിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനിയാണെന്നു ഏറ്റുപറയുന്നവനെ ആ ഒരൊറ്റ തെളിവിന്‍റെ പുറത്ത് വധിക്കുകയും ചെയ്യുന്നു. ഏറ്റു പറയുന്നവനെയും നിരാകരിക്കുന്നവന്‍റെയും ജീവനെ ഒരേപോലെ കാണുന്നതല്ലേ നീതി? ക്രിസ്തുവിനെ പിന്തുടരുന്നവനെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിനെ ഏറ്റുപറയാതിരിക്കാന്‍ കഴിയില്ല. നിങ്ങള്‍ പറയുന്നു ഞങ്ങള്‍ തിന്മ പ്രവൃത്തികള്‍ ചെയ്യുന്നവരാണ്, പൈശാചികരാണെന്ന്. തിന്മ ചെയ്യുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ജീവനും രണത്തിനുമിടിയില്‍ ഒരു തിരഞ്ഞെടുപ്പിന് അവസരം ലഭിക്കുമ്പോള്‍ സത്യം പറഞ്ഞ് മരണം കൈവരിക്കുമോ? എന്നിട്ടും മരണത്തിന്‍റെ മുമ്പില്‍ പോലും സത്യസന്ധരായ ഞങ്ങളെ നിങ്ങല്‍ തിന്മപ്രവൃത്തക്കുന്നവരായും പൈശാചികരായും കണക്കാക്കുന്നു. ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതിയല്ലാതെ പലതരം പഠനങ്ങള്‍ നടത്തിയവരുണ്ട്. നിരിശ്വരത്വം പഠിപ്പിച്ചവരുണ്ട്. പക്ഷേ ആ പൂര്‍വ്വകരെയൊക്കെ നിങ്ങള്‍ തത്വചിന്തകരായി കണ്ട് ബഹുമാനിച്ചാദരിക്കുന്നു. ജൂപ്പിറ്ററിന്‍റെയും അവന്‍റെ സന്താനങ്ങളെയും കുറിച്ച് വര്‍ണ്ണിച്ചെഴുതിയവരെ നിങ്ങള്‍ മഹാകവികളായി കണ്ടാദരിക്കുന്നു. ദൈവങ്ങള്‍ അവരുടെ ആരാധകരുടെ പ്രവൃത്തികളാല്‍ അശുദ്ധരായെന്നവര്‍ പറയുമ്പോള്‍ അങ്ങനെ നിന്ദിക്കുന്നവര്‍ക്ക് നിങ്ങള്‍ പാരിതോഷിതങ്ങള്‍ തരുന്നു. നിങ്ങളെ തത്വചിന്തകര്‍ എന്നു ഞാന്‍ അഭിസംബോധന ചെയ്തത് നിങ്ങളെ ചൊടിപ്പിക്കാനല്ല, പുകഴ്ത്താനുമല്ല, നിങ്ങള്‍ ന്യായമെന്തെന്ന് കണ്ടറിഞ്ഞ് വിധി നിര്‍ണ്ണയം നടത്തുന്നവരാകുന്നതിനു വേണ്ടിയാണ്.

4. ക്രിസ്ത്യാനികള്‍ നിരീശ്വരവാദികളായി മുദ്രകുത്തപ്പെടുന്നു എന്തിനാണിത്? ഞങ്ങള്‍ യാതൊരു വിധത്തിലും നിരീശ്വരന്മാരാകുന്നില്ല, ആണെന്ന് നിങ്ങള്‍ക്കു തെളിയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല, എന്നിട്ടും ന്യായമായ യാതൊരുവിധ അന്വേഷണവും നടത്താതെ നിങ്ങള്‍ നിരീശ്വരന്മാരെന്നു മുദ്രണം ചാര്‍ത്തി ഞങ്ങളെ പിടിക്കുകയും വധിക്കുകയും ചെയ്യുന്നു. ദാരുണമായി കൊല്ലപ്പെടുന്ന സ്ത്രീകളും കുഞ്ഞുങ്ങളും, അനവധി പുരുഷന്മാര്‍. ഇവരാരും അവരുടെ പ്രവ‍ത്തികള്‍ നോക്കിയല്ല വിധിക്കപ്പെടുന്നത്, മറിച്ച് അവരോടുള്ള അകാരണമായ വിദ്വേഷത്തിന്‍റെ പേരില്‍. യുക്തിസഹമല്ലാത്ത പകയുടെയും ഭീകരതയുടെയും പേരില്‍. ഇവിടെ സത്യം പ്രഘോഷിക്കപ്പെടണം. മഹാനായ സോക്രട്ടീസിന്‍റെ കാര്യത്തിലും ഇതു തന്നെയല്ലേ സംഭവിച്ചത്, അദ്ദേഹം സത്യത്തിന്‍റെ കൂടെ നിന്നു. യഥാര്‍ത്ഥ ദൈവത്തെ വ്യാജദേവന്മാരരില്‍ നിന്നും വേര്‍തിരിച്ചു മനസിലാക്കിക്കൊടുത്തു. ജനങ്ങളെ യഥാര്‍ത്ഥ സത്യത്തിന്‍റെ വെളിച്ചം കാണിച്ചു കൊടുത്തു. എന്നിട്ടും ഭരണാധികള്‍ അദ്ദേഹത്തെ നിരീശ്വരനായും ദൈവനിഷേധിയായും, ജനതയെ വഴിതെറ്റിക്കുന്നവായും കണ്ട് തുറങ്കിലടക്കുകയും വധിക്കുകയും ചെയ്തു. ഗ്രീക്കു കാര്‍ മാത്രമല്ല യുക്തിയെ കൊന്നത്, ബാര്‍ബേറിയന്മാരും യഹുദരും ചെയ്തത് ഇതു തന്നെയാണ്. യഥാര്‍ത്ഥ സത്യത്തെ കാണിച്ചു തന്ന യേശുക്രിസ്തുവിനെ യുക്തക്കു നിരക്കാത്ത കാരണങ്ങളാല്‍ ക്രൂശിക്കുകയും വധിക്കുകയും ചെയ്തു. അവന്‍ യഥാര്‍ത്ഥ അറിവായിരുന്നു, മനുഷ്യന്‍റെ രൂപം സ്വീകരിച്ചു വന്ന ദൈവമായിരുന്നു. അതിനാല്‍ അവന്‍റെ പിന്‍ഗാമികളായ ഞങ്ങള്‍ക്കും അവനെ പിന്‍ചെല്ലാതെ തരമില്ല, നിങ്ങളുടെ ദേവന്മാര്‍ വെറും ശില്പങ്ങളാണെന്ന് മാത്രമല്ല ഞങ്ങള്‍ പറയുന്നത്, ക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ കാണിക്കുകയാണ് ഞങ്ങള്‍. പക്ഷേ പറയുന്നതിന്‍റെ സത്യമെന്തെന്ന് ഒന്ന് വിശദമായി അന്വേഷിച്ചു നോക്കുക പോലും ചെയ്യാതെയാണ് നിങ്ങള്‍ വധശിക്ഷ നടപ്പാക്കുന്നത്.

5. നിരീശ്വരത്വം എന്ന കുറ്റം തന്നെ വൈരുദ്ധ്യമാകുന്നു ഞങ്ങള്‍ ദൈവനിഷേധികളെന്ന് നിങ്ങള്‍ പറയുന്നു. ഞങ്ങളും അത് ഏറ്റുപറയുന്നു. പക്ഷേ അത് നിങ്ങളുടെ ദേവന്മാരുടെ കാര്യത്തില്‍ മാത്രം എന്നാല്‍ യഥാര്‍ത്ഥ സത്യദൈവത്തിനെയല്ല. നീതിയുടെയും സത്യത്തിന്‍റെയും ധീരതയുടെയും മറ്റനേകം പുണ്യങ്ങളുടെയും മൂര്‍ത്തീമദ്ഭാവമായ ദൈവത്തെ ഞങ്ങള്‍ക്ക് നിരാകരിക്കാന്‍ കഴിയില്ല. എല്ലാ ലൗകായതികത്വത്തിനും മലിനതകള്‍ക്കും ഉപരിയാണദ്ദേഹം. ആ സത്യദൈവത്തിന്‍റെയും അദ്ദേഹത്തില്‍ നിന്നവതരിച്ച പുത്രനെയും അവരിലുള്ള ദൈവിക ആത്മാവിനെയും ഞങ്ങള്‍ ആരാധിക്കുന്നു. അറിയുന്നു. സ്നേഹിക്കുന്നു. ഞങ്ങള്‍ പറയുന്നതും പഠിപ്പിക്കുന്നതുമായ ഈ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും മനസിലാക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുയും ചെയ്യുന്നു. 6. ഓരോ ക്രിസ്ത്യാനിയും അവന്‍റെ ജീവിതം കൊണ്ടാണ് പരിശ്രമക്കേണ്ടത്. നിങ്ങള്‍ പലകാലങ്ങളിലായി പല വ്യക്തികളെ ബന്ധിച്ചിട്ടുണ്ട്, പക്ഷേ തിന്മചെയ്തവരെന്ന പേരിലാണ്. പക്ഷേ ഇന്നുവരെ ആ തിന്മയെന്താണെന്ന് നിങ്ങള്‍ തെളിയിക്കുന്നുമില്ല,. ഞങ്ങള്‍ പറയുന്ന കാര്യങ്ങളോ പഠനങ്ങളോ ഒരിക്കല്‍ പോലും എന്താണെന്ന് നിങ്ങള്‍ പറയുന്നുമില്ല. ഗ്രീക്ക് സംസ്കാരത്തിലും അങ്ങനെ തന്നെ അവര്‍ക്ക് മതിപ്പുളവാക്കുന്ന തരത്തില്‍ പഠിപ്പിച്ചവരെ അവര്‍ തത്വചിന്തകര്‍ എന്നു വിളിച്ചു. അവര്‍ക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറഞ്ഞവരെ, അവരില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിച്ചവരെ അവര്‍ നിന്ദിച്ചു, ക്രൂശിച്ചു. ബാര്‍ബേറിയന്മാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല, ഇങ്ങനെ അവര്‍ നിരാകരിച്ച വ്യത്യസ്തമായ ആശയങ്ങള്‍ പറഞ്ഞവരെ ക്രിസ്ത്യാനികളെന്നു വിളിച്ചു. അതിനാല്‍ അകാരണമായ കാരണങ്ങളുടെ പേരില്‍ ഇവരെ വിധിച്ചവരെല്ലാം തീര്‍ച്ചയായും വിധിക്കപ്പെടും. നിങ്ങള്‍ ഞങ്ങളെ ക്രിസ്ത്യാനികളെന്ന പേരു പറയാതെ തിന്മപ്രവൃത്തിക്കുന്നവര്‍, ആഭിചാരം നടത്തുന്നവര്‍ എന്നൊക്കെ പറഞ്ഞ് വധിക്കുന്നു. യാതൊരു വിധ ലജ്ജയുമില്ലാതെ ഞങ്ങല്‍ പറയും ഒരു ക്രിസ്ത്യാനിയാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ലജ്ജിക്കാനൊന്നുമില്ല, അഭിമാനിക്കാനേറെയുണ്ടു താനും. നിങ്ങള്‍ വധിക്കുന്നത് കുറ്റം ചെയ്തവരെയല്ല, നിങ്ങളുടെ അജ്ഞതക്കും ഭോഷത്തരത്തിനും ശരിയെന്നു തോന്നുന്നവരെയാണ്.

7. ക്രിസ്ത്യാനികള്‍ അവരുടെ ദൈവവിശ്വാസം ഏറ്റു പറയുന്നു നിങ്ങളുടെ മുമ്പില്‍ കുറ്റാരോപിതരായി നില്‍ക്കുമ്പോള്‍ ഒരു ചെറു നുണ പോലും പറയാതെ ഞങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് സധൈര്യം ഏറ്റുപറയാന്‍ ഞങ്ങള്‍ക്കു കഴിയുന്നത് ഞങ്ങളുടെ കരുത്ത് തന്നെയാണ്. ഈ ശക്തി ഞങ്ങള്‍ക്കു കിട്ടുന്നതാകട്ടെ നിത്യജീവിതത്തിലും ഞങ്ങളുടെ ദൈവത്തോടൊത്തുള്ള ഒരു ജീവിതത്തിലുമുള്ള ഞങ്ങളുടെ വിശ്വാസവും പ്രത്യാശയും കൊണ്ടാണ്.അദ്ദേഹം എല്ലാ സൃഷ്ടകളുടെയു സര്‍വ്വസൃഷ്ടാവാണ്..ഞങ്ങളുടെ വിശ്വാസത്തിന്‍റെ നാഥനാണ്. അത് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുള്ളതുമാണ്. എല്ലാ തിന്മകള്‍ക്കും മുകളിലുള്ള വെളിച്ചമാണത്. ഈ കാര്യങ്ങളെല്ലാം ഞങ്ങല്‍ പഠിച്ചതും അറിഞ്ഞതും യേശുക്രിസ്തുവില്‍ നിന്നാണ്. ഇതുപോലെതന്നെയാണ് പ്ലേറ്റോ തന്‍റെ കാലത്തു പറഞ്ഞതും. റാദമാന്തൂസും മിനൂസും അവരുടെ മുമ്പില്‍ വന്നവനെ തിന്മയെന്നു പറഞ്ഞ് വധിച്ചതും ഇതേ കാരണത്താലാണ്. എന്നാല്‍ തിന്മ ചെയ്യുന്നവരെല്ലാം ക്രിസ്തുവിനാല്‍ ഒരു നാള്‍ അവരുടെ മര്‍ത്യശരീരങ്ങളോടും ആത്മാക്കളോടും കൂടെ ഒരുമിച്ചു കൂട്ടപ്പെടുമെന്നും നിത്യശിക്ഷക്കു വിധിക്കപ്പെടുമെന്നും നമുക്കറിയാം. അത് പ്ലേറ്റോ പറഞ്ഞതു കൊണ്ടല്ല. ഇനി ഞങ്ങള്‍ ചെയ്യുന്ന ഈ തെറ്റുകള്‍ക്ക് ഞങ്ങള്‍ ശിക്ഷിക്കപ്പെടുമെന്നത് അസംഭ്യവമെന്നോ അസാധ്യമെന്നോ നിങ്ങളിലാരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ നിത്യകാലത്തേക്ക് ശിക്ഷിക്കാനോ ബന്ധിതരാക്കാനോ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം.

8. വിഗ്രഹാരാധനയെന്ന ഭോഷത്തരം നിങ്ങളീ വിഗ്രഹങ്ങളുടെ മുമ്പില്‍ എന്തുമാത്രം പൂക്കളും അര്‍ച്ചനകളും കാഴ്ചകളുമാണ് സമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ വിഗ്രഹങ്ങള്‍ ആത്മാവില്ലാത്തതാണെന്നും, വെറും നശ്വരമാണെന്നും ഞങ്ങള്‍ മനസിലാക്കുന്നു. അവര്‍ ദൈവത്തില്‍ നിന്നല്ലെന്നും അവര്‍ ദൈവത്തിന്‍റെ രൂപമല്ലെന്നും ( അല്ലെങ്കിലും ദൈവത്തിനു രൂപമില്ലല്ലോ) നിങ്ങള്‍ പേരും രൂപവും കൊടുത്ത വെറും കപടവിഗ്രഹങ്ങളാണെന്നും ഞങ്ങള്‍ മനസിലാക്കുന്നു. ശില്പിയുടെ കരവിരുതും അവന്‍റെ ഇംഗിതവും ഇഷ്ടങ്ങളും അവന്‍ കല്പിക്കുന്ന രൂപവും കൊടുത്തുണ്ടാക്കുന്ന ആത്മാവില്ലാത്ത ഈ കളിമണ്ണുകളെ എങ്ങനെ ദൈവമെന്നു വിളിക്കാന്‍ കഴിയും? അങ്ങനെ ചെയ്യുന്നതു വഴി യഥാര്‍ത്ഥ സത്യദൈവത്തെത്തന്നെ നന്ദിക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്? നിങ്ങള്‍ക്കു തന്നെയറിയാം ഈ ദൈവത്തെ പൂജിക്കുന്ന പുരോഹിത ഗണവും അത്ര വിശുദ്ധമല്ലെന്ന്, അവരുടെ സ്തീകളും പെണ്‍കുട്ടികളും പാപത്തില്‍ മുഴുകുന്നവരാണെന്നും നിങ്ങള്‍ക്കറിയാം. എന്തു വൈരുദ്ധ്യം? അത്തരക്കാരെ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരായി നിയമിച്ചിട്ട് നിങ്ങള്‍ പറയുന്നു മനുഷ്യരാണ് ഈ ദൈവത്തെ നയിക്കുന്നതെന്ന്...എന്തു ഭോഷത്തരം?

9. ദൈവം എങ്ങനെയാണ് ശുശ്രൂഷിക്കപ്പെടേണ്ടത്? ദൈവം തന്നെ എല്ലാത്തിന്‍റെയും സൃഷ്ടികര്‍ത്താവും ജീവദാതാവുമായിരിക്കേ മനുഷ്യനര്‍പ്പിക്കുന്ന ഇത്തരം നേര്‍ച്ചകാഴ്ചകളൊന്നും ദൈവത്തിനാവശ്യമില്ല. ഞങ്ങള്‍ പഠിപ്പിക്കുന്നതിതാണ് ദൈവത്തില്‍ വിശ്വസിക്കുകയെന്നാല്‍ ദൈവത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പുണ്യങ്ങള്‍ നീതി, വിശുദ്ധി, ക്ഷമ, കാരുണ്യം, തുടങ്ങിയ ഒട്ടനേകം പുണ്യങ്ങല്‍ അനുകരിച്ചു ജീവിക്കുകയാണ്. ദൈവം തന്‍റെ അന്തശക്തിയാല്‍ മനുഷ്യനെ സൃഷ്ടിക്കുകയും ഇല്ലായ്മയില്‍ നിന്നും സകലതും നിര്‍മ്മിക്കുകയും ചെയ്തു. ഈ ഭൂമിയിലെ തന്‍റെ അ്ദ്ധ്വാനം വഴി മനുഷ്യന്‍ ദൈവത്തിന്‍റെ ഈ സൃഷ്ടിയിലും, തിന്മയും പാപവും ഇല്ലാത്ത ഒരു ജീവിതം വഴി അവന്‍ ദൈവത്തിന്‍റെ ഐക്യത്തിലും ഒന്നു ചേരുന്നു. എന്തു കൊണ്ട് ദൈവം ആദ്യം മനുഷ്യനെ സൃഷ്ടച്ചു, അത് നമ്മോടുള്ള പ്രത്യേകമായ സ്നേഹത്താലാണ്..നമ്മെ സൃഷ്ടച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ്. അതിനാല്‍ തന്നെ പാപമൊഴിഞ്ഞ ഒരു ജീവിതം വഴി അവിടുത്തോട് ചേരാനും മനുഷ്യനു കഴിയും. അതു നമ്മുടെ കരുത്തു കൊണ്ടല്ല, നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള ബുദ്ധി ദൈവം നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ല സ്വാതന്ത്ര്യവും. ലോകത്തില്‍ എല്ലാവിധ തിന്മകളുമുണ്ട്, അതിനാല്‍ തന്നെ മനുഷ്യപ്രകൃതിക്ക് അതിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ല ത്വരയുമുണ്ട്. പക്ഷേ ഇതിനെ അതിജീവിച്ച് പുണ്യത്തില്‍ വളരുന്നതിലാണ് മനുഷ്യജീവിതത്തിന്‍റെ മഹത്വം.

10. ക്രിസ്തു പറയുന്ന സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ പറയുന്നുണ്ട് ഞങ്ങളൊരു സാമ്രാജ്യം പിടിച്ചടക്കാന്‍ ശ്രമിക്കുന്നവരാണെന്ന്. യാതൊരു വിധ അന്വേഷങ്ങളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ നിങ്ങള്‍ ഉറപ്പിച്ചു ഞങ്ങളന്വേഷിക്കുന്നത് ഒരു മാനുഷിക സാമ്രാജ്യമാണെന്ന്. എന്നാല്‍ ഞങ്ങള്‍ക്കത് ദൈവത്തോടൊത്തുള്ള ജീവിതമാണ്. ക്രിസ്ത്യാനിയെന്ന ഏറ്റുപറച്ചിലിന് ശിക്ഷയായി നിങ്ങള്‍ മരണം വച്ചു നീട്ടുമ്പോള്‍ ഞങ്ങളാ സാമ്രാജ്യം നേടിക്കഴിയുന്നു. ഞങ്ങളൊരു മാനുഷിക സാമ്രാജ്യമാണ് അന്വേഷിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് ക്രിസ്തുവിനെ നിരാകരിക്കേണ്ടിവരും. കാരണം അങ്ങനെയൊരു സാമ്രാജ്യമാണ് ഞങ്ങള്‍ക്കുവേണ്ടതെങ്കില്‍ ഞങ്ങളാരെങ്കിലും വധിക്കപ്പെടാന്‍ ആഗ്രഹിക്കുമോ? മരണത്തില്‍ നിന്നും തടവറയില്‍ നിന്നും രക്ഷപ്പെടാനല്ലേ ആഗ്രഹിക്കൂ. ഇന്നിലല്ല ഞങ്ങളുടെ ചിന്തകളും പ്രതീക്ഷകളും. മനുഷ്യന്‍ ഞങ്ങളെ പിച്ചിച്ചീന്തുന്നത് ഞങ്ങള്‍ പരിഗണിക്കുന്നേയില്ല. ഞങ്ങളുടെ ജീവിതത്തിലേക്കുള്ള കവാടമാണ് മരണം.

11. ക്രൈസ്തവ ജീവിതം ദൈവത്തിന്‍റെ കണ്ണിലൂടെ മറ്റെല്ലാവരെയും കാള്‍ ഞങ്ങളെന്താണ് ആരുമല്ല, മറ്റുള്ളവരുടെ ശുശ്രൂഷകരാണ് ഞങ്ങള്‍, പ്രവൃത്തികളില്‍ സമാധാനം ആഗ്രഹിക്കുന്നു, അപരന്‍റെ ഉത്കര്‍ഷം ആഗ്രഹിക്കുന്നു. ദൈവഭയത്തില്‍ ജീവിക്കുന്നു.അവനവന്‍റെ പ്രവ‍ത്തികള്‍ക്കനുസൃതമായി അന്ത്യദിനത്തിലെ നിത്യശിക്ഷയും നിത്യജീവിതവും കാത്തിരിക്കുന്നു. എല്ലാവര്‍ക്കുമതറിയാമെങ്കിലും ശിക്ഷയെ ഭയന്നോ ദൈവത്തെ സ്നേഹിച്ചോ അവരാരും തിന്മയില്‍ നിന്ന് തിരിയാനോ സുകൃതത്തെ പിന്തുടരാനോ ശ്രമക്കുന്നുമില്ല. എന്നാല്‍ നിങ്ങളുടെ നിയമങ്ങളാരും തെറ്റിക്കുന്നെങ്കില്‍ നിങ്ങള്‍ അസഹിഷ്ണുക്കളാകുന്നെന്നു മാത്രമല്ല , അവനെ ശിക്ഷിക്കാനും കുറ്റം വിധിക്കാനും വല്ലാത്ത ഉത്സാഹവും കാണിക്കുന്നു. നിങ്ങള്‍ പറയുന്നു ഞങ്ങള്‍ ആഭിചാരക്കാരാണെന്ന്, തിന്മപ്രവര്‍ത്തിക്കുന്നവരാണെന്ന്. കാരണം നിങ്ങളുടെ ദേവന്മാര്‍ക്ക് ബലികളര്‍പ്പിക്കുന്നതും, കുമ്പിട്ടാരാധിക്കുന്നതും യുക്തിസഹമല്ലെന്നും ശുദ്ധ ഭോഷത്തരമാണെന്നും ഞങ്ങള്‍ കരുതുന്നു. എന്നാല്‍ ഭക്തിയും തത്വചിന്തയും യുക്തിസഹമല്ലാത്തതൊന്നു ചെയ്യില്ലെന്നു തന്നെ ഞാന്‍ കരുതുന്നു. ഭോഷത്തരങ്ങള്‍ കാണിക്കുമ്പോള്‍ തന്നെ സത്യത്തിന് നിങ്ങള്‍ വല്ലാത്ത പ്രാധാന്യം കല്പിച്ചു കൊടുക്കുന്നു. അങ്ങനെ ചെയ്യാന്‍ എന്തു കരുത്താണ് നിങ്ങള്‍ക്കുള്ളത്? ഭരണകര്‍ത്താക്കളുടെ കരുത്ത് സത്യത്തിനേക്കാള്‍ വലുതായി നിങ്ങള്‍ കാണുന്നു. മരുഭൂമിയിലെ കൊള്ളക്കാരെപ്പോലെയാണത്. ഏതൊരു രാജാവാണ് പൂര്‍ണ്ണമായും സത്യസന്ധനും നീതിനിഷ്ഠനുമായിട്ടുള്ളത് ദൈവമല്ലാതെ?.എന്‍റെ എഴുത്ത് ഇവിടെ നിര്‍ത്താനും ഇനിയൊരു വരിപോലും എഴുതാതിരിക്കാനും ഞാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരൊറ്റ കാര്യമേ എനിക്ക് പറയാനുള്ളത്.- അത് നീതിയും സത്യവുമാണ്. പക്ഷേ അജ്ഞത നിറഞ്ഞ ഒരു മനസ് പെട്ടന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഞങ്ങളറിയുന്നു. എന്നാല്‍ അജ്ഞതയില്‍ നിന്ന് യഥാര്‍ത്ഥ സത്യത്തെ നിങ്ങള്‍ കണ്ടെത്തുന്നതുവരെ കുറച്ചു കൂടി കാര്യങ്ങള്‍ എനിക്കു കൂട്ടിച്ചേര്‍ക്കാനുണ്ട്. സത്യത്തിന്‍റെ വെളിച്ചം നിങ്ങള്‍ കണ്ടെത്തണം.

12. ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് ദൈവത്തിന്‍റെ യുക്തിയെ ശരിയായി ചിന്തിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ലോകത്തിന്‍റെയും സമസ്ത വസ്തുക്കളുടെയും യഥാര്‍ത്ഥ സൃഷ്ടാവിനെ ആരാധിക്കുന്ന ഞങ്ങളെ നിരീശ്വരനെന്നു വിളിക്കാനാവില്ല. അദ്ദേഹത്തിന് രക്തത്തിന്‍റെയോ, ബലിയുടേയോ കാഴ്ചദ്രവ്യങ്ങളുടെയോ ആവശ്യമില്ല. സര്‍വ്വാതിശക്തനായ അദ്ദേഹത്തെ സ്തുതിക്കുകയും തന്ന നന്മകള്‍ക്കൊക്കെയും കൃതജ്ഞതാപ്രകാശനം നടത്തുകയുമാണ് ഞങ്ങളുടെ ആരാധന. അതാണ് തീകളെക്കാളും പൂജാപുഷ്പങ്ങളെക്കാളും നൈവേദ്യങ്ങളേക്കാളും വിലയുള്ളതെന്ന് ഞങ്ങളറിയുന്നു. ആ ദൈവത്തിന്‍റെ മുമ്പില്‍ ഞങ്ങളുടെ വേദനകളും വീഴ്ചകളും തുറന്നു വയ്ക്കുന്നു. ഈക്കാര്യങ്ങളിലെല്ലാം ഞങ്ങളുടെ ഗുരു യേശുക്രിസ്തുവാണ്. ഇതിനുവേണ്ടിയവന്‍ ജനിച്ചു. തിബേരിയൂസ് സീസര്‍ യൂദയായില്‍ ദേശാധിപതിയായിരുക്കുമ്പോള്‍ പന്തിയോസ് പീലാത്തോസിനാല്‍ അവന്‍ ക്രൂശിക്കപ്പെട്ടു. ഇന്നു ഞങ്ങളവനെയാരാധിക്കുന്നു. ദൈവത്തിന്‍റെ ഏകപുത്രനായി അവനെ അറിയുന്നു. അവരില്‍ മൂന്നാമനായ പ്രവാചക ആത്മാവിനെ സ്നേഹിക്കുന്നു. ക്രൂശിക്കപ്പെട്ട ആ മനുഷ്യനെ ക്രിസ്തുവിനെ ദൈവത്തിന്‍റെ രണ്ടാമനായി ഞങ്ങള്‍ കാണുന്നു. അവരുടെ ഏക്യം ഒരു രഹസ്യമായി ഞങ്ങള്‍ കാണുന്നു.

13. ക്രിസ്തുവിന്‍റെ പഠനങ്ങളെ തെറ്റിദ്ധരിച്ചത് നിങ്ങളുടെ മന്ത്രവാദികളാണ് എന്നാല്‍ നിങ്ങളും നിങ്ങളുടെ കിരാതത്വവും തന്നെ ക്രിസ്തുവിന്‍റെ പഠനങ്ങളെ തെറ്റിദ്ധരിക്കുകയും തെറ്റായി വായിക്കുകയും ചെയ്യുന്നു. ആഭിചാരികളും വ്യഭിചാരികളുമായ നിങ്ങളുടെ മന്ത്രവാദികളും മതപുരോഹിതന്മാരും ക്രിസ്തുവിനെ നന്ദിക്കുന്നു. എന്നാല്‍ അവനാകട്ടെ വിശുദ്ധിയും പവിത്രതയും നൈര്‍മ്മല്യവുമുള്ള യഥാര്‍ത്ഥ ദൈവമായിരുന്നു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഹര പാഠങ്ങള്‍ക്കു പകരം മന്തതന്തങ്ങളിലും ജാലവിദ്യയിലും നിങ്ങള്‍ മഹത്വം കണ്ടെത്തി. ഞങ്ങള്‍ മറ്റെല്ലാവരാലും വെറിക്കപ്പെട്ടു, അകറ്റപ്പെട്ടു, മറ്റൊരു ഗണമായി ഞങ്ങളെ നിങ്ങള്‍ അതിരിട്ട് മാറ്റി നിര്‍ത്തി. എന്നാല്‍ ക്രിസ്തുവിനെപ്രതി, അവന്‍റെ രണ്ടാമത്തെ ആഗമനത്തെ പ്രതി, അവന്‍റെ പാത പിന്തുടര്‍ന്ന് ഞങ്ങള്‍ ശത്രുക്കളോടു ക്ഷമിക്കുന്നു. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അവനൊരു സോഫിസ്റ്റ് അല്ല, യഥാര്‍ത്ഥ ദൈവത്തിന്‍റെ കരുത്താണ് അവന്‍റെ പഠനങ്ങള്‍ക്ക്. അധികാരം നിങ്ങളുടെ കൈയിലാണ്. നിയമങ്ങള്‍ നിങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ യഥാര്‍ത്ഥ സത്യത്തെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതും നിങ്ങളാണ്.

14. ക്രിസ്തു പഠിപ്പിച്ചതെന്താണ്? വിശുദ്ധിയെപ്പറ്റിയെന്താണ് ക്രിസ്തു പറഞ്ഞത് '' അശുദ്ധിയോടെ സ്ത്രീയോടെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു '', അവന്‍ കൂട്ടിച്ചേര്‍ത്തു നിന്‍റെ കണ്ണു നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് ചുഴിഞ്ഞു കളയുക, ഇരുകണ്ണുകളുമായി നിത്യനരകത്തിലേക്ക് പ്രവേശിക്കുന്നതിനേക്കാള്‍ നല്ലതാണ് ഒരു കണ്ണില്ലാത്തവനായി നിത്യജീവനിലേക്ക് പ്രവേശിക്കുന്നത്. മറ്റൊരുവന്‍റെ ഭാര്യയെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം തന്നെയാണ് ചെയ്യുന്നത്. ഷണ്ഡരായി ജനിക്കുന്നവരുണ്ട്, മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി സ്വയം ഷണ്ഡരാകുന്നവരുണ്ട്. എന്നാല്‍ ഇതെല്ലാവര്‍ക്കും സാധ്യമല്ല. വിവാഹപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാമെന്ന് നിങ്ങള്‍ പഠിപ്പിച്ചപ്പോള്‍ ഞങ്ങളുടെ ഗുരു പഠിപ്പിച്ചു, അങ്ങനെ ചെയ്യുന്നവന്‍ പാപം ചെയ്യുന്നു. പ്രവൃത്തികള്‍ മാത്രമല്ല മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞു വിധിക്കുന്നവനാണ് ദൈവമെന്ന് അവിടുന്നു പഠിപ്പിച്ചു. പക്ഷേ പാപത്തില്‍ വീണു പോകുന്നവനോട് അവിടുന്ന് പറഞ്ഞു, ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കനല്ല പാപികളെ അനുതാപത്തിലേക്ക് നയിക്കാനാണ് എന്ന്. കരുണയുള്ള ഒരു ദൈവത്തിന്‍റെ ചിത്രം അവന്‍ കാണിച്ചു തന്നു. ദൈവം കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിനെന്ന് അവന്‍ പഠിപ്പിച്ചു. എന്തു തിന്നും എന്തു കുടിക്കും എന്നോര്‍ത്ത് നിങ്ങള്‍ ആകുലപ്പെടരുത്, വയിലിലെ ലില്ലകളെയും ആകാശത്തിലെ പറവകളെയും തീറ്റുന്നവനാണ് ദൈവമെന്ന് പറഞ്ഞ് പരിപാലിക്കുന്ന ഒരു ദൈവത്തെ അവന്‍ കാണിച്ചു തന്നു. നിങ്ങള്‍ ദൈവത്തിന്‍റെ രാജ്യവും അവന്‍റെ നീതിയും അന്വേഷിക്കുവിന്‍. ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. അടുത്തു നില്‍ക്കുന്ന ഈ ചെറിയ സഹോദരരില്‍ ഒരുവന് ‍നിങ്ങള്‍ ചെയ്ത് കൊടുത്തത് എനിക്കു തന്നെയാണ് ചെയ്തതെന്നു പഠിപ്പിച്ചു. ഇതിനെല്ലാം നിങ്ങളുടെ സ്വര്‍ഗ്ഗസ്ഖനായ പിതാവിന്‍റെ പക്കല്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും പറഞ്ഞു വച്ചു.

15. ക്ഷമയെയും സ്ഥിരതയെയും കുറിച്ച് വേദനകളിലുള്ള ക്ഷമയെപ്പറ്റി, പീഡനങ്ങളിലുണ്ടാകേണ്ട സ്ഥൈര്യത്തെപ്പറ്റി അവിടുന്ന് പറഞ്ഞു- നിങ്ങളുടെ വലതു കരണത്തടിക്കുന്നവന് ഇടതുകൂടി കാണിച്ചു കൊടുക്കുക, ഒരു മൈല്‍ ദൂരം നിന്‍റെ കൂടെ സഞ്ചിരിക്കാനാഗ്രഹിക്കുന്നവന്‍റെ കൂടെ രണ്ടുമൈല്‍ ദൂരം പോവുക. നിന്‍റെ മേലങ്കിയെടുത്തു കൊണ്ടു പോകുന്നവന് കുപ്പായം കൂടി കൊടുക്കുക. നിന്നോട് ചോദിക്കാതെ നിന്‍റെ വസ്തുവകകള്‍ എടുത്തുകൊണ്ടു പോകുന്നവനോടു തിരികെ ചോദിക്കരുത്. ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. മറ്റുള്ളവര്‍ നിങ്ങളോട് എന്തുചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവനോടും ചെയ്യുക. അങ്ങനെ നിങ്ങളുടെ സത് പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് മഹത്വപ്പെടേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. നന്മചെയ്യുന്നവനെന്നോ തിന്മചെയ്തവനെന്നോ വ്യത്യാസമില്ലാതെ അവനെല്ലാവരെയും സ്നേഹിച്ചു.പാപത്തെ വെറുത്ത് പാപിയെ സ്നേഹിച്ചു. സ്നേഹവും ആര്‍ദ്രതയും കൊണ്ട് എല്ലാവരെയും തന്നിലേക്കാകര്‍ഷിച്ചു. ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിക്കൂടിയാണ്. നിങ്ങളുടെ ഭീകരതയും കിരാതത്വവും അവസാനിപ്പിച്ച് സ്നേഹത്തിേക്കും സൗഹാര്‍ദ്ദതിയലേക്കും പിന്തിരിയുന്നതിനു വേണ്ടിക്കൂടി. പീഡനങ്ങളിലും ഞങ്ങള്‍ക്കുണ്ടാവേണ്ട മനോഭാവത്തെക്കുറിച്ചും അവന്‍ പറഞ്ഞുവച്ചു. നിങ്ങളുടെ വാക്കുകള്‍ അതെ അതെ എന്നോ അല്ല അല്ല എന്നോ ആകട്ടെ, അതിനപ്പുറമുള്ളത് പിശാചില്‍ നിന്നു വരുന്നു.ഏകദൈവത്തെ മാത്രമാരാധിക്കുവാന്‍ അവന്‍ ഉദ്ബോധിപ്പിച്ചു- ഇതാണ് പ്രഥമവും പ്രധാനവുമായ കല്പന നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവിനോടും സര്‍വ്വശക്തിയോടും കൂടി സ്നേഹിക്കുക. നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും . അവനെ അറിയാത്തവര്‍ പോലും തന്‍റെ നല്ല പ്രവൃത്തികള്‍ വഴി രക്ഷിക്കപ്പെടും. അവസാന ദിവസ്തതില്‍ അവര്‍ പറയും കര്‍ത്താവേ കര്‍ത്താവേ ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കി, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പഠിപ്പിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു നിങ്ങളെ ഞാന്‍ അറിയുക കൂടിയില്ല, അനീതി പ്രവര്‍ത്തിക്കുന്നവരെ നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍. ഫലത്തില്‍ നിന്നാണ് വൃക്ഷത്തെ അറിയേണ്ടതെന്ന് അവന്‍ പറയുമ്പോള്‍ ക്രിസ്ത്യാനിയല്ലെന്നിരിക്കലും സ്വന്തം നന്മപ്രവൃത്തികള്‍ വഴിയുള്ള രക്ഷയാണ് അവന്‍ പറയുന്നത്. ക്രിസ്ത്യാനിയാണെന്നിരിക്കലും അതിനൊത്ത് ജീവിച്ചില്ലെങ്കില്‍ ശിക്ഷയാണെന്നും.

16. രാഷ്ട്രനിയമങ്ങളോടുള്ള അനുസരണം ക്രിസ്തുവിന്‍റെ പഠനത്തില്‍ സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോയെന്നറിയാന്‍ അവര്‍ അവനെ സമീപിച്ചപ്പോള്‍ ഒരു റോമന്‍ നാണയം എടുത്തുകാണിച്ചിട്ടു ചോദിച്ചു ഈ രൂപവും ലിഖിതവും ആരുടേത്? അവര്‍ പറഞ്ഞു സീസറിന്‍റെത്. അവന്‍ പറഞ്ഞു-- സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന്. ദൈവത്തെ മാത്രമേ ആരാധിക്കാവു. എന്നാല്‍ മനുഷ്യനെ നയിക്കാനും നിയമങ്ങള്‍ പരിരക്ഷിക്കാനുമുള്ളവരാണ് അധികാരികള്‍ . അവരെ അനുസരിക്കുവാനുള്ള പാഠങ്ങളാണ് ക്രിസ്തു ഇവിടെ പറഞ്ഞു തന്നത്. എന്നാല്‍ നിങ്ങള്‍ ഭരണകര്‍ത്താക്കള്‍ ദൈവത്തിനും അവന്‍റെ പഠനങ്ങള്‍ക്കും വിലകല്പിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ വിശ്വാസം ബലികഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല, അതിന് എന്തു വില നല്കേണ്ടി വന്നാലും. എല്ലാ അധികാരങ്ങളും ദൈവത്തില്‍ നിന്ന് വരുന്നു. ഉന്നതത്തില്‍ നിന്ന് വരുന്നില്ലായെങ്കില്‍ നിനക്ക് എന്‍റെമേല്‍ ഒരു അധികാരവും ഉണ്ടായിരിക്കുമായിരുന്നില്ല എന്ന് അവിടുന്ന് പീലാത്തോസിനോടു പറയുന്നുണ്ട്.

17. പുനരുത്ഥാനത്തെയും നിത്യജീവനെയും കുറിച്ചുള്ള തെളിവുകള്‍ നിങ്ങളുടെ മരിച്ചു പോയ ചക്രവര്‍ത്തിമാരുടെ കാര്യം തന്നെയെടുക്കാം, നിങ്ങളുടെ ദേവന്മാരെ ആരാധിച്ചവരും അവര്‍ക്ക് നേര്‍ച്ച കാഴ്ചകളര്‍പ്പിച്ചവരുമല്ലേ അവര്‍. എന്നിട്ടവര്‍ മണ്‍മറഞ്ഞു തന്നെ പോയി. എന്നാല്‍ ക്രിസ്തു പഠിപ്പിച്ചതിങ്ങനെയാണ് നമ്മുടെ മര്‍ത്യ ശരീരങ്ങള്‍ മാത്രമേ മരിക്കുന്നുള്ളൂ..മരണശേഷം നമ്മള്‍ ദൈവദൂതന്മാരെപ്പോലെയായിരിക്കും. എന്നാല്‍ തിന്മ ചെയ്തവര്‍ ശിക്ഷക്കു വിധിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ ആത്മാക്കളോടൊപ്പം നമ്മുടെ ശരീരങ്ങളും ഉയിര്‍പ്പിക്കപ്പെടും. എന്നാല്‍ അത് നിങ്ങള്‍ പറയുന്നപോലെ ആംഫിക്കൂസിന്‍റെയും പിത്തിയൂസിന്‍റെയും പ്ലേറ്റോയുടെയും ആത്മാക്കള്‍ ജീവിക്കുന്നു എന്നു നിങ്ങള്‍ അവകാശപ്പെടുന്ന രീതിയല്ലല്ലെ്ന്നേയുള്ളൂ.

18. പുനരുത്ഥാനം സാധ്യമാണ്. ചിന്തിക്കുന്ന ഏതൊരു മനുഷ്യനും മനസിലാക്കാം മാംസവും ചര്‍മ്മവും ഞെരമ്പുകളും ചേര്‍ന്നുള്ള ഈ ശരീരത്തില്‍ മരണം കൊണ്ടവസാനിക്കുന്നതാണ് ജീവിതമെങ്കില്‍ അതിനൊരു മഹത്വവുമില്ലെന്ന്. എന്നാല്‍ ശരീരത്തിന്‍റെ സൃഷ്ടയെങ്ങനെയാണെന്ന് നമുക്കാര്‍ക്കുമറിയില്ല. ബാഹ്യമായി നിങ്ങള്‍ പറയും ഒരുവന്‍ അവന്‍റെ മാതാപിതാക്കളില്‍ നിന്നു വരുന്നു എന്ന്. എന്നാല്‍ നാമീക്കാണുന്ന ശരീരത്തിന്‍റെയും ജീവന്‍റെയും ഉറവിടവും ഉത്ഭവവുമെങ്ങനെയാണെന്ന് നമുക്കു പൂര്‍ണ്ണമായറിയില്ല. അതുപോലെതന്നെയാണ് മരിച്ച ഒരുവന്‍ ഉയിര്‍പ്പിക്കപ്പെട്ടിണ്ടോയെന്ന് നമുക്കാര്‍ക്കുമറിയില്ല. ഒരുവന്‍ എങ്ങനെ ജനിക്കുന്നുവെന്ന ആ ജനിതക രഹസ്യം നമുക്കറിയില്ല പക്ഷേ ജനിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്നു. അതുപോലെതന്നെയാണ് മരണാന്തര ജീവിതവും. മരണശേഷം അവര്‍ ദൈവത്തിന്‍റെ ശക്തിയാല്‍ ഉയിര്‍പ്പിക്കപ്പെടുന്നു. നമുക്കതു മനസിലാക്കാന്‍ സാധ്യമല്ല, പക്ഷേ ദൈവത്തിനതു സാധ്യമാണ്. നമ്മുടെ കഴിവല്ലായ്മ കൊണ്ട് അസാധ്യമെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ദൈവത്തിന്‍റെ കരുത്തില്‍ അത് സാധ്യമാണ് എന്നു വിശ്വസിക്കാന്നതല്ലേ? ക്രിസ്തു പറഞ്ഞു-- ''മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്''- എന്നിട്ടവന്‍ പറഞ്ഞു ''ശരീരത്തെ കൊല്ലുന്നവനെ നിങ്ങള്‍ ഭയപ്പെടേണ്ട, മരണശേഷം ശരീരത്തെയും ആത്മാവത്തിലെയും നരികാഗ്നയില്‍ തള്ളാന്‍ കഴിയുന്നവനെ നിങ്ങള്‍ ഭയപ്പെടുവിന്‍'' എന്ന്. തിന്മ ചെയ്യുന്നവരെല്ലാം ശിക്ഷിക്കപ്പെടുന്ന സ്ഥലമാണ് നരകം. ദൈവം ക്രിസ്തുവഴി കാണിച്ചതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ മനസിലാക്കാത്തവനും പോകുന്നത് അവിടേക്കു തന്നെയാവും!

19.ക്രിസ്തു മാര്‍ഗ്ഗം മനസിലാക്കാനുള്ള വഴികള്‍ തത്വചിന്തയിലും ദൈവത്തെ ഭൗതിക കാര്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഒരു ത്വരയെപ്പോഴുമുണ്ട്. സ്റ്റോയിക്സ് തത്വചിന്തകര്‍ പോലും ദൈവത്തെ അഗ്നിയില്‍ നിന്ന് കണ്ടെത്തുന്നത്..അഗ്നിയെല്ലാത്തിനെയും ദഹിപ്പിക്കുന്നു. ലോകത്തിന്‍റെ ആദികാരണം അഗ്നിയാണ് അതിനാല്‍ എന്നതാണവരുട വാദം. ലോകം പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞുവന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ദൈവം സകല സൃഷ്ടികളുടെയും സൃഷ്ടാവാണെന്നും മാറ്റങ്ങള്‍ക്കെല്ലാം ഉപരിയായ മാറ്റമില്ലാത്തവനാണെന്നും ഞങ്ങള്‍ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ പലമേഖലകളിലും ഈ ചിന്തകരുടെയും കവികളുടെയും അറിവുകള്‍ ഞങ്ങളുടേതുമായി ഒത്തുപോകുന്നുണ്ട്. ചില മേഖലകളില്‍ ഞങ്ങളുടെ പഠനങ്ങള്‍ അവരുടേതിനേക്കാള്‍ ദൈവികമാനം കൈവരിക്കുന്നുമുണ്ട്. ഇതല്ല ഞങ്ങള്‍ ഒറ്റക്കാണ് ഇതൊക്കെ വാദിക്കുന്നതെന്നു കരുതുകയാണെങ്കില്‍ പോലും അന്യായമായി മറ്റുള്ളവരാല്‍ ഞങ്ങള്‍ വെറുക്കപ്പെടുന്നതെന്തിനാണ്? ഇക്കാണുന്നതെല്ലാം സൃഷ്ടക്കപ്പെട്ടതും ഏകീകരിക്കപ്പെട്ടതും ദൈവത്തിന്‍റെ ഒരു ലോകത്തു വച്ചാണ്. അത് പ്ലേറ്റോയുടെ യഥാര്‍ത്ഥ ലോകമെന്ന ആശയം തന്നെയാണ്. സ്റ്റോയിക്സിന്‍റെ ചില ആശയങ്ങളോടു ചേര്‍ന്നു പോകുന്നതുമാണ്. മനുഷ്യാത്മാവ് മലിനപ്പെട്ടതാണ്, എന്നാല്‍ അത് മരണത്തെ അതിജീവിക്കുന്നതാണ്, പ്രവൃത്തികള്‍ക്കനസരിച്ച് ശിക്ഷിക്കപ്പെടുന്നതാണ്. എന്നാല്‍ നന്മയുള്ള ആത്മാവുകള്‍ ദൈവത്തിന്‍റെ അനശ്വരതയിലേക്ക് പ്രവേശിക്കുന്നു. ഞങ്ങള്‍ക്കറിയാം ഇതെല്ലാം കവികളും തത്വ ചിന്തകരും പറഞ്ഞിട്ടുള്ളതു തന്നെയാണ്. മനുഷ്യന്‍ അവന്‍റെ പ്രവൃത്തികള്‍ വഴിയാണ് പരിശോധിക്കപ്പെടേണ്ടത്. ഈ ആശയങ്ങളെല്ലാം നിങ്ങളുടെ ഹാസ്യ കവി മെനയാന്‍ഡറും പറഞ്ഞിട്ടുള്ളതാണ്. പ്രവൃത്തിക്കുന്ന മനുഷ്യന്‍ പ്രവൃത്തികളേക്കാള്‍ വലിയവനാണെന്ന് നിങ്ങളുടെ മറ്റനേകം എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണ്.

രണ്ടാം സമര്‍ത്ഥനം

ആമുഖം റോമാക്കാരെ, ഉര്‍ബിക്കൂസ് ചക്രവര്‍ത്തിയുടെ കാലത്ത് നിങ്ങളുടെ നഗരത്തില്‍ സംഭവിച്ചതും ഭരണചക്രത്തിന്‍ കീഴില്‍ നിങ്ങളനുഭവിച്ച ദുരിതങ്ങളും നിങ്ങള്‍ ക്കുവേണ്ടി, അതായത് ക്ഷമാശീലരും സാഹോദര്യസ്വഭാവമുള്ളവരുമായ ക്രൈസ്തവരുടെ വ്യക്തിത്വം ഉയര്‍ത്തുന്നതിനുവേണ്ടി തൂലിക ചലിപ്പിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി. നന്മക്കും സത്യത്തിനുംവേണ്ടി വാദിക്കുന്ന എല്ലാവര്‍ക്കും, അത് പിതാവോ, അയല്‍ക്കാരനോ, കുട്ടിയോ, കൂട്ടുകാരനോ, ഭാര്യയോ, ഭര്‍ത്താവോ ആരുമായിക്കോട്ടേ അവര്‍ ക്രിസ്തുവിന്‍റെ പ്രതി പുരുഷന്മാരാണ്. എന്നാല്‍ നാം വെറുക്കുന്ന പൈശാചിക ശക്തികള്‍ ഇവക്കെതിരേ ഭരണചക്രത്തിന്‍റെ കൂട്ടു പിടിച്ചു. ഇവരെ മരണത്തിനടയാക്കുന്നു. ഉര്‍ബിക്കൂസ് ചക്രവര്‍ത്തിയുടെ കാലത്ത് നിങ്ങളുടെയിടയില്‍ സംഭവിച്ച ദുരിതങ്ങള്‍ വിവരിക്കുകയാണ് ഈ സമര്‍ത്ഥനത്തില്‍

1. ഉര്‍ബിക്കൂസ് ക്രിസ്ത്യാനികളെ ക്രൂശിക്കുന്നു മാനുഷിക ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യവുമായി ക്രൈസ്തവ പഠനങ്ങളെ കൂട്ടിയിണക്കുകയാണ് ഇവിടെ ചെയ്യുന്നത്. അസന്മാര്‍ഗികതയില്‍ സഞ്ചരിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ സഞ്ചരിക്കുന്ന ഭാര്യയും ക്രമേണ അസന്മാര്‍ഗികതയിലേക്ക് നയിക്കപ്പെടുന്നു. പക്ഷേ ക്രിസ്തുവിന്‍റെ വചനങ്ങള്‍ ഹൃദയത്തില്‍ പാകിയ ഭാര്യ ഭര്‍ത്താവിനെ നേര്‍വഴിക്കു നയിക്കുന്നു. വിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നും ലോക ജീവിതം നന്നായി ജീവിക്കണമെന്നുമുള്ള ഭാര്യയുടെ അപേക്ഷക്കൊന്നും തന്നെ ഭര്‍ത്താവിനെ മാറ്റാന്‍ കഴിയുന്നില്ലെന്നു കാണുന്ന അവള്‍ ഭര്‍ത്താവിനെ വിട്ടു പോകാന്‍ ശ്രമിക്കുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ ഉപദേശത്തിനും നിര്‍ദ്ദേശത്തിനും വഴങ്ങി അയാള്‍ നന്നാകുമെന്ന പ്രതീക്ഷയോടെ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ച് വീണ്ടും ആയാളോടൊപ്പം വസിക്കുന്നു. എന്നിട്ടും ശരിയാകുന്നില്ലെന്നു കണ്ടാല്‍ വിവാഹബന്ധം വേര്‍പെടുത്തുന്നു. എന്നാല്‍ അവളെ പിരിയാന്‍ തയ്യാറല്ലാത്ത ഭര്‍ത്താവ് നിയമയുദ്ധം നടത്തുന്നു. തന്‍റെ തെറ്റിനെ ന്യായീകരിക്കാന്‍ ഭാര്യ ക്രിസ്ത്യാനി ആണ് എന്നാരോപിച്ച് ചക്രവര്‍ത്തിയുടെ അടുത്തെത്തുന്നു. എന്നാല്‍ അവിടെയും അയാള്‍ പരാജയപ്പെടുന്നു. ഇവിടെ അയാള്‍ക്കു ക്രിസ്ത്യാനികളോട് ശത്രുത തോന്നുക സ്വാഭാവികമാണ്. ക്രിസ്ത്യാനികളെ തകര്‍ക്കണമെന്ന ഉദ്ദെശ്യത്തോടെ ക്രൈസ്തവമൂല്യങ്ങള്‍ പഠിപ്പിക്കുന്ന ടോളമിയൂസിനെതിരെ ഭരണാധിപന്‍മാരുടെ ശ്രദ്ധ തിരിച്ചുവിട്ടു. സത്യത്തെ സ്നേഹിക്കുന്ന ക്രൈസ്തവമൂല്യങ്ങള്‍ പാലിക്കുന്ന ടോളമിയൂസിനെ ക്രിസ്ത്യാനി ആണ് എന്ന കാരണം ആരോപിച്ച് തുറുങ്കിലടച്ചു. നീ ക്രിസ്ത്യാനി ആണോ എന്ന ചോദ്യത്തിന് ധൈര്യസമേതം ആണ് എന്നു പറഞ്ഞ് ശിക്ഷ ഏറ്റെടുത്തു. എന്നാല്‍ മറ്റെരു ക്രിസ്ത്യാനി ആയ ലൂസിയസ് ഇത് എതിര്‍ത്തു. ഒരു തെറ്റും ചെയ്യാത്ത ടോളമിയ്ക്ക് ശിക്ഷ വിധിച്ചത് അന്യായമാണ് എന്നു പറഞ്ഞ ലൂസിയസിനെയും ക്രിസ്ത്യാനി ആണെന്നു പറ‍ഞ്ഞ് തുറുങ്കിലടച്ചു.

2. ദൈവനാമവും, അതന്‍റെ ശക്തിയും തത്വശാസ്ത്രങ്ങളുടെയും മിദ്ധ്യാധാരണകളുടെയും പിന്തുണയോടെ ക്രൈസ്തവരെ തകര്‍ക്കാന്‍ ശ്രമിച്ച ചിന്തകര്‍ക്കെതിരെ ഞാനും പ്രതികരിച്ചു. ക്രിസ്ത്യാനികള്‍ ദൈവവിരോധകരും അസാന്മാര്‍ഗ്ഗികതയില്‍ ചരിക്കുന്നവരുമാണെന്നായിരുന്നു അവരുടെ ആരോപണം. ക്രിസ്തുവിന്‍റെ പഠനങ്ങളെക്കുറിച്ച് അറിവില്ലാത്ത അവര്‍ക്ക് അത് മനസ്സിലാക്കിക്കൊടുക്കുക ശ്രമകരമായിരുന്നു. ക്രിസ്തുവിനെ സംബന്ധിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിക്കൊണ്ട് സത്യം തെളിയിക്കാന്‍ ഞാന്‍ ശ്രമിച്ചു. ചുരുക്കം ചില ആളുകള്‍ നമ്മോടു പറയും പോയി നിങ്ങള്‍ നിങ്ങളെത്തന്നെ കൊന്ന് ദൈവസന്നിധേ അണയുക എന്ന്. പക്ഷെ ഈ വാക്കുകളോന്നും തന്നെ ക്രിസ്ത്യാനികളായ നമ്മെ പ്രതിസന്ധിയിലാക്കില്ല. ഞാന്‍ പറയാം ഇത് എന്തുകൊണ്ടാണെന്നു. നമ്മള്‍ പഠിച്ചിട്ടുണ്ട് ദൈവം ലോകത്തെ സൃഷ്ടിച്ചത് ലക്ഷ്യമില്ലാതെ അല്ല എന്ന്. അത് മനുഷ്യര്‍ക്കുവേണ്ടിയാണ്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നന്മയ്ക്കും ചേതോവിഹാരത്തിനും ദൈവാരാധനയ്ക്കുമായാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചത്. ആത്മഹത്യ ദൈവഹിതത്തിന് എതിരാണ്. ഓരോ മനുഷ്യനും ഓരോ ലക്ഷ്യമുണ്ട്. അത് പ്രാവര്‍ത്തികമാക്കേണ്ടത് അവന്‍റെ കടമയാണ്. നാം സ്വയം ആത്മശോധന ചെയ്യുമ്പോള്‍ പൈശാശിക ശക്തികളുടെ നിരന്തര പ്രേരണയ്ക്കെതിരെ ജീവിക്കുവാന്‍ ശക്തരാകുന്നു. ദൈവം നമ്മുടെ സഹായകനാണ്. ശത്രുകരങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ കരുത്തുള്ള സഹായകന്‍ കൂടെയുള്ളപ്പോള്‍ നാം ഒന്നിനെയും ഭയക്കേണ്ട ആവശ്യം ഇല്ല. ദൈവം ലോകത്തെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്. ഫലഫൂയിഷ്ടമായ മണ്ണും സുന്ദരമായ പ്രകൃതിയും ഋതുഭേദങ്ങളും പ്രാപഞ്ചികനിയമങ്ങളുമെല്ലാം മനുഷ്യനുവേണ്ടിയാണ്. അവര്‍ക്കുമുകളില്‍ ദൈവവും മാലാഖമാരും മാത്രമേ ഉള്ളു. പക്ഷെ തെറ്റു ചെയ്ത മാലാഖമാരാണ് പെശാശികതയ്ക്ക് വശംവദരായി മനുഷ്യരുടെ ഇടയിലേയ്ക്ക് ഇറങ്ങി. അവര്‍ അവിടെ തിന്മയുടെ വിത്തുകള്‍ പാകി. കൊലപാതകങ്ങളും, യുദ്ധങ്ങളും ക്രൂരതകളുമെല്ലാം നടമാടുന്നു. കവികളും ചിന്തകരുമെല്ലാം ദൈവത്തില്‍നിന്നകന്ന മാലാഖമാര്‍ ആണ് പിശാശുക്കളായി മനുഷ്യരുടെ ഇടയില്‍ ക്രൂരതകള്‍ പ്രചരിപ്പിക്കുന്നത് എന്നു സമര്‍ത്ഥിച്ചു. സര്‍വ്വനന്മപൂര്‍ണ്ണതയായ ദൈവത്തെ വിശദീകരിക്കാന്‍ വാക്കുകള്‍ അപര്യാപ്തങ്ങളാണ്. ദൈവം അതിനുമേറെ മുകളിലാണ്. പക്ഷെ പിതാവ്, ദൈവം, സ്രഷ്ടാവ്, ഇവയെല്ലാം മനുഷ്യര്‍ക്കു ലളിതമായ രീതിയില്‍ ദൈവത്തെ മനസ്സിലാക്കാനുള്ള ഉപാധികളാണ്. വചനമായ പുത്രന്‍ അനാധികാലം മുതലേ ദൈവീകഭാഗമാണ്. ദൈവം ഒരു പേര് അല്ല, പക്ഷെ മനുഷ്യന്‍ വിളിക്കുന്നതാണത്. ക്രിസ്തു മനുഷ്യനും രക്ഷകനുമാണ്. മനുഷ്യരക്ഷയ്ക്കുവേണ്ടി ദൈവം ലോകത്തിലേക്കയച്ച സ്വന്തം പുത്രനാണ് ക്രിസ്തു. പീലാത്തോസിന്‍റെ കാലത്തു പീഢകളേറ്റു കൂരിഷശില്‍ മരിച്ച ക്രിസ്തുവിന്‍റെ നാമത്തില്‍ ഇന്ന് പൈശാശിക ശക്തികളെ ബഹിഷ്കരിക്കുന്നു. ക്രൈസ്തവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അവര്‍ മനുഷ്യരെ തിന്നുന്നവരാണെന്നും വ്യഭിചാരം ചെയ്യുന്നവരാണെന്നും ചക്രവര്‍ത്തിക്ക് എതിരാണെന്നുമായിരുന്നു പ്രധാന ആരോപണങ്ങള്‍. ഇവ കൂടാതെ ക്രൈസ്തവര്‍ ആഭിചാരത്തിലും സുഖലോലുപതയിലും ചരിക്കുന്നവരാണെന്നും പറഞ്ഞുപരത്തി. എന്നാല്‍ ഞങ്ങള്‍ മാംസഭോജികളും വ്യഭിചാരികളും ആണെങ്കില്‍ ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ ഞങ്ങള്‍ ഭയപ്പെടാത്തതെന്തുകോണ്ട്. ധാര്‍മ്മികതയില്‍ ചരിക്കുന്ന ഞങ്ങള്‍ക്കെതിരെയുള്ള ദുഷ്ടശക്തികളുടെ പ്രവര്‍ത്തനം ഞങ്ങള്‍ ഭയപ്പെടില്ല. ഞങ്ങള്‍ എന്തുകൊണ്ടാണ് ക്രൈസ്തവമൂല്യങ്ങള്‍ പോതുവായി പഠിപ്പിക്കുന്നത് എന്നു നിങ്ങള്‍ മനസ്സിലാക്കണം. രക്ഷയുടെ സുവിശേഷം ലോകത്തിനു നല്കിയ ക്രിസ്തുവിന്‍റ പിന്‍ഗാമികളാണ് ഞങ്ങള്‍. രക്ഷാകര ചരിത്രം ലോകത്തെ അറിയിക്കെണ്ടത് ഞങ്ങളുടെ കടമയാണ്. അതിനായി മരിക്കാനും ഞങ്ങള്‍ക്കു ഭയമില്ല. ജൂപ്പീറ്റര്‍ പോലെയുള്ള നിങ്ങള്‍ ആരാധിക്കൂന്ന വിഗ്രഹദൈവമല്ല ഞങ്ങളുടെ. പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ച ക്രിസ്തുവാണ് ഞങ്ങളുടെദൈവം.വിഗ്രഹാരാധനയില്‍ പ്രാധാന്യം കല്‍പിച്ചുള്ള പഠനങ്ങളില്‍നിന്നും മാറുക. നിങ്ങള്‍ മാറിയില്ലേലും ഞങ്ങള്‍ നിരാശരാവില്ല. ഞങ്ങള്‍്ക്കു പരിഭവവുമില്ല. കാരണം എല്ലാം ദൈവം കാണുന്നുണ്ട്. നിങ്ങള്‍ വിഗ്രഹാരാധനയില്‍ നിന്നു മാറുവിന്‍. ജ്ഞാനത്തിന്‍റെ സദ്ഫലങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച് ദൈവത്തില്‍ വിശ്വസിക്കുവിന്‍.

3. ക്രിസ്തുവും സോക്രട്ടീസും ദൈവം പൈശാശികശക്തികളെ നശിപ്പിക്കാതിരിക്കുന്നത് അവരും ഒരിക്കല്‍ ക്രിസ്ത്യാനികളായതിനാലാണ്. ദൈവത്തിന്‍റെ മനുഷ്യവര്‍ഗ്ഗത്തോടുള്ള ക്ഷമിക്കുന്ന സ്നേഹം ഇല്ലെങ്കില്‍ ഒരിക്കല്‍ കൂടി നോഹയുടെ പെട്ടകം ജലത്തിനുമീതെ ഉയര്‍ന്നേനെ. പ്രാപഞ്ചികനിയമങ്ങള്‍ പ്രധാനമായും രണ്ടു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തിരിക്കുന്നത്. നന്മയും തിന്മയും അതായത് നല്ലതും ചീത്തയും. എല്ലാവസ്തുക്കള്ളും ഒന്നില്‍നിന്ന് മാറ്റം സംഭവിച്ച് മറ്റൊന്നായി മാറുന്നു എന്ന സ്റ്റോയിക് ചിന്ത പോലെ അല്ല ഇത്. ശരിയും തെറ്റും തിരഞ്ഞെടുക്കുവാനുള്ള അധികാരം എല്ലാമനുഷ്യര്‍ക്കും ഉണ്ട്. വിധിയുടെ തട്ടുപിടിച്ച് പൈശാശിക ശക്തികളെ ന്യായീകരിക്കാന്‍ നമുക്കാവില്ല. പൈശാശിക ശക്തികളുടെ പ്രവര്‍ത്തനം മൂലം നീതിമാന്മാര്‍ പോലും പീഢിപ്പിക്കപ്പെടുന്നു. സോക്രട്ടീസ് പോലുള്ള വലിയ ചിന്തകര്‍ ഇതിനുദാഹരണങ്ങളാണ്. മാനുഷികപ്രവര്‍ത്തനങ്ങള്‍ വിധിപോലെ ആണ് ‌നടക്കുന്നതെങ്കില്‍ ദൈവം കാലചക്രത്തിന് അധീനനാണെന്നും തിന്മയിലും നന്മയിലും ദൈവം വസിക്കുന്നതെന്നും എതിരഭിപ്രായം ഉണ്ടാകാം.

4. മരണത്തിലൂടെ ക്രിസ്ത്യാനികള്‍ നിഷ്കളങ്കരാണെന്ന് തെളിയിക്കുന്നു യുക്തിയുടെ ബലത്തില്‍ ലോഗോസിനെ തഴയാനും സ്റ്റോയിക് ചിന്തകളുടെ മറവില്‍ ക്രൈസ്തവ ചിന്തകളെ ഒതുക്കാനും പൈശാശികത എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ധാര്‍മ്മിക മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുന്നവര്‍ക്കെതിരെ ആ‍ഞ്ഞടിക്കുന്നു. ഇതില്‍ അത്ഭുതപ്പെടാനില്ല. കാരണം അതാണ് അവരുടെ ലക്ഷ്യം. വിധിദിവസത്തില്‍ അവര്‍ക്കു ശിക്ഷ അനുഭവിക്കേണ്ടി വരും. ക്രിസ്തു കാണിച്ചു തന്ന മൂല്യങ്ങളുടെ പാതയില്‍ ചരിക്കാന്‍ നാം കടപ്പെട്ടവരാണ്. തെറ്റു ചെയ്യുന്നവര്‍ വിധിദിവസത്തില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുള്ളതുകൊണ്ട് തെറ്റിനോട് ഭയവും വിരക്തിയും ഉള്ളവരാകുവാന്‍ ബാദ്ധ്യസ്ഥരാക്കുന്നു. ദൈവം ഉണ്ട് എന്നു പറയുന്ന വിശ്വാസികളും ഇല്ല എന്ന പറയുന്ന നിരീശ്വരവാദികളും ഉള്ള ഈ ലോകത്തില്‍ അറിവുള്ളവരായിരിക്കുക എന്നുള്ളത് പ്രധാനമാണ്. നമ്മുടെ പഠനങ്ങള്‍ ക്രൈസ്തവമാതൃകയിലാണ് മുന്നോട്ടു പോകേണ്ടത്. മഹാനായ താത്വികനായിരുന്ന സോക്രട്ടീസ് ക്രൈസ്തവമാതൃക സ്വീകരിച്ചിരുന്നു. നിരന്തരം സത്യാന്വേഷണത്തില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിനു ലഭിച്ചതും മരണശിക്ഷയായിരുന്നു. സോക്രട്ടീസിന്‍റെ ചിന്തയോട് യോജിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സത്യത്തിനുവേണ്ടി മരിക്കാനുള്ള അദ്ദേഹത്തിന്‍റെ ദൈര്യവും ക്ഷമയും സഹനവും എല്ലാം ക്രിസ്തുവിന്‍റെ ജീവിതത്തോട് താത്വികനായ സോക്രട്ടീസിനെ അനുരൂപനാക്കുന്നു.പലപ്പോഴും ദുഷ്ടശക്തികള്‍ നമ്മേക്കാള്‍ ഉയര്‍ന്നാണു നില്ക്കുന്നത്. റെനോഫോണും ഹെര്‍ക്കുലീസും പോലെയുള്ള താത്വികര്‍ മൂല്യങ്ങളെയുംധാര്‍മ്മികതയെയും ഉയര്‍ത്തിക്കാട്ടി. മരണം വലിയ ഒരുസത്യമാണ്. ലൗകിക വസ്തുക്കളെക്കുറിച്ചുള്ള അമിതമായആഗ്രഹം നമ്മെ മരണത്തില്‍ എത്തിക്കുന്നു. ഒരുവന്‍ ധാര്‍മ്മികനാണെന്നു പറയുന്നത് അവന്‍റെ ജീവിതരീതിയും ചിന്തകളും ക്രിസ്തുവിന്‍റെ ജീവിതവുമായി അനുരൂപമാണോ എന്നുനോക്കിയാണ്.

5. വചനം മനുഷ്യരിലേക്ക് എങ്ങനെയെത്തുന്നു? ദുഷ്ടശക്തികളുടെ ആക്രമണങ്ങള്‍ എക്കാലത്തും ക്രൈസ്തവര്‍ക്കു നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ക്രൈസ്തവമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ ശ്രമിച്ചു. പല അബദ്ധ പ്രസ്താവനകളും പഠനങ്ങളും ക്രൈസ്തവരെ കളിയാക്കുകയും എതിര്‍ക്കുകയും ചെയ്തു. പ്ലേറ്റോയുടെയും ക്രിസ്തുവിന്‍റെയും പഠനങ്ങള്‍ എന്നെ സ്വാദീനിച്ചിരുന്നു. ആശയങ്ങളുടെ ലോകത്തു ജീവിച്ച പ്ലേറ്റോയും സാധാരണജീവിതത്തില്‍ അസാധാരണത്വം വഹിച്ച ക്രിസ്തുവും എന്നെ മൂല്യങ്ങളുടെ ലോകത്തെയ്കു നയിച്ചു. അവരുടെ പഠനങ്ങളെല്ലാം തന്നെ അനന്തതയെക്കുറിച്ചായിരുന്നു. പ്ലേറ്റോ നമ്മെ ആശയങ്ങളുടെ ലോകത്തെയ്കു നയിച്ചു. എന്നാല്‍ ക്രിസ്തു നമ്മെ സ്വര്‍ഗ്ഗരാജ്യത്തേയ്ക്കും. ഇതാണ് അവരിലെ ക്എതിരഭിപ്രായം. നാം ക്രിസ്തുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു. നമുക്കു പാപമോചനം നല്കി.

6. തന്‍റെ രചന പ്രസിദ്ധീകൃതമാകണമേയെന്ന പ്രാര്‍ത്ഥന ഈ ഗ്രന്ഥം എല്ലാവരുടെയും ഇടയിലെത്താന്‍ പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതുമൂലം എല്ലാവരും നന്മയും സത്യവും അറിയാനും അഞ്ജതമൂലം തെറ്റുകള്‍ ചെയ്ത് ശിക്ഷാവിധി നേരിടിതിരിക്കാനും വേണ്ടിയാണിത്. മനുഷ്യന്‍റെ സ്വഭാവമാണ് ശരിതെറ്റുകള്‍ തിരിച്ചറിയുക എന്നുള്ളത്. തെറ്റുകള്‍ ചെയ്ത് ശിക്ഷയ്ക്കു അര്‍ഹരാകും. അറിവോടെയുള്ള തെറ്റാണ് കൂടുതല്‍ ശിക്ഷാവിധിക്കര്‍ഹം. എന്നിരുന്നാല്‍ തന്നെയും പശ്ചാത്താപം ശിക്ഷാവിധിയില്‍ നിന്ന് രക്ഷനേടാന്‍ ഉപകരിക്കും. എന്‍റെ ആഗ്രഹം എല്ലാവരും സത്യം അറിയണം എന്നതാണ്. ആദ്യ പ്രബന്ധകത്തിന്‍റെ തുടര്‍ച്ച എന്ന രീതിയിലാണ് ജസ്റ്റിന്‍ രണ്ടാം പ്രബന്ധം എഴുതിയത്. അക്കാലത്തെ ഭരണാധികാരിയായിരുന്ന ഉര്‍ബിക്കൂസിന്‍റെ ക്രൈസ്തവപീഢനങ്ങളും ബൗദ്ധികമേഖലയില്‍ ക്രൈസ്തവ പഠനങ്ങള്‍ക്കെതിരെ അനേകം എതിര്‍പ്പുകള്‍ ഉണ്ടായതുമാണ് രണ്ടാം പ്രബന്ധം എഴുതാന്‍ ജസ്റ്റിനെ നിര്‍ബന്ധിതനാക്കിയത്. പ്രധാനമായും മൂന്നു ഭാഗങ്ങളാണു ഇതിലുള്ളത്. ഉര്‍ബിക്കുസിന്‍റെ മതപീഢനം, നന്മതിന്മകളുടെവ്യത്യാസം, വിശ്വാസതീക്ഷണക. ക്രൈസ്തവര്‍ അസാന്മാര്‍ഗ്ഗികതയില്‍ സഞ്ചരിക്കുന്നവരാണെന്നുള്ള അവരുടെ വാദങ്ങള്‍ക്ക് ക്രൈസ്തവജീവിത ശൈലി ഉദാഹരണമാക്കി മറുപടി നല്കി. സൈമണേപ്പോലുള്ളവരുടെ ക്രൈസ്തവര്‍ക്കെതിരായ പഠനങ്ങള്‍ ഞാന്‍ കഠിനമായി വെറുക്കുന്നു. എന്‍റെ ഈ പഠനങ്ങള്‍ അധികൃതര്‍ക്കു കൈമാറിയാല്‍ ഒരുപക്ഷെ അവര്‍ക്കു മാറ്റം വന്നേക്കാം. ഇതാണ് എന്‍റെ ലക്ഷ്യം. ഞങ്ങളുടെ പഠനങ്ങള്‍ ഒരിക്കലും മോശമല്ല. ഇതു മറ്റെല്ലാ പഠനങ്ങളെക്കാളും ഉയര്‍ന്നതാണ്. മറ്റുള്ളവരേപ്പോലെ ഞങ്ങള്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയില്ല. പ്രാര്‍ത്ഥനയിലും ധാര്‍മ്മികജീവിതരീതിയിലും വശംവദരായി നിശബ്ദരായി ജീവിച്ചു. ഈ പഠനങ്ങള്‍ എല്ലാവരിലും നന്മ ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇത് പ്രസിദ്ദീകരിക്കുന്നത്.

7. ക്രൈസ്തവ മാമോദീസ ഞാന്‍ ഒരു കാര്യം കൂടി നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മാമ്മോദീസാ സ്വീകരിച്ച് ഒരു പുതു ജീവന്‍ പ്രാപിച്ച് ക്രിസ്തുവില്‍ ആകുന്ന നിമിഷം ഒരിക്കലും മറക്കാന്‍ ആകില്ല. ക്രൈസ്തവസഭയില്‍ അംഗങ്ങളായ നാം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജീവിച്ച് എതിര്‍ക്കുന്നവര്‍ക്ക് ഒരു മാതൃക ആകുന്നു. ജലത്താല്‍ ശരീരം വൃത്തിയാക്കുന്നപോലെ തന്നെ മാമ്മോദീസാ വഴി ആത്മാവിനെയും വൃത്തിയാക്കുന്നു. ക്രിസ്തുവിന്‍റെ കല്പന അനുസരിച്ച് മാമ്മോദീസാ വഴി സ‌ഭയില്‍ അംഗങ്ങളാകുന്നു.മാമ്മോദീസാ സ്വീകരിക്കുന്നതിന് മുന്‍പ് പ്രാര്‌ത്ഥനയിലും ഉപവാസത്തിലും കഴിയുന്നും. പിന്നീട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ജലത്താല്‍ സ്നാനപ്പെട്ട് മാമ്മോദീസാ സ്വീകരിക്കുന്നു. ക്രിസ്തു പറഞ്ഞിട്ടുണ്ട് നിങ്ങള്‍ വീണ്ടും ജനിക്കുന്നീല്ലെന്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല. ഒരാള്‍ക്ക് ഒരിക്കലും അമ്മയുടെ ഉദരത്തില്‍ പ്രവേശിച്ച് വീണ്ടും ജനിക്കുക സാദ്ധ്യമല്ല. ഇവിടെ ക്രിസ്തുനാഥന്‍ പറയുന്നത് പാപങ്ങളില്‍ നിന്നുള്ള വിടുതലാണ്. മാമ്മോദാസായിലുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് വിശുദ്ധിയുലള്ളവരായി മാറണം. ഏശയ്യ പറയുന്നു. നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ശുദ്ധിയുള്ളവരാകുവിന്‍. നമ്മുടെ ജനനം നമ്മുടെ അനുവാദത്തോടെ അല്ലായിരുന്നു. പിതാവും മാതാവും അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ചു വസിച്ച് നമുക്കു ജന്മം നല്കി. എന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശനം അങ്ങനെ അല്ല. നാം നമ്മുടെ അറിവോടുകൂടെ തന്നെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് മാമ്മോദീസാ സ്വീകരിക്കുന്നു. ഇവിടെ നമ്മുടെ അറിവോടുകൂടിയ ഒരു ജനനം ആണിവിടെ സംഭവിക്കുന്നത്. ഇവിടെ മനസ്സിലാക്കലില്‍ നിന്നാണ് ജനിക്കുന്നത്. പിതാവായ ദൈവത്തിലും പുത്രനായ ദൈവത്തിന്‍റെ നാമത്തിലും പരിശുദ്ധാത്മാവിന്‍റെ ആവാസത്താലുമാണ് മാമ്മോദീസായിലൂടെയുള്ള ജനനം സാദ്ധ്യമാകുന്നത്. ശുദ്ധമായ ഹൃദയത്തോടെയും പരിശുദ്ധമായ മനസാക്ഷിയോടെയും വേണം വിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാന്‍. മോശ ദൈവസന്നിധേ ചെല്ലാന്‍ തുനിഞ്ഞപ്പോള്‍ ദൈവം പറഞ്ഞു. നിന്‍റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക കാരണം നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്. പൈശാശിക ശക്തികള്‍ വിശുദ്ധസ്ഥലം അശുദ്ധമാക്കാന്‍ എന്നും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തിന്മയെ അനുകരിക്കാന്‍ ശ്രമിക്കാതെ നന്മയെ അനുകരിക്കുകയാണു വേണ്ടത്.

8. ദൈവം എങ്ങനെ മോശക്ക് പ്രത്യക്ഷപ്പെടുന്നു യഹൂദന്മാര്‍ ദൈവം മോശയ്ക്ക് പ്രത്യക്ഷനായി എന്നു പഠിപ്പിക്കുന്നു. എന്നാല്‍ യഹൂദര്‍ക്ക് ദൈവം ആരായിരുന്നെന്നോ പുത്രന്‍ ആരാണെന്നോ അറിയില്ല. അതുകോണ്ടാണ് ആര്‍ക്കും പിതാവാരെന്നോ പുത്രന്‍ ആരെന്നോ അറിയില്ല എന്ന് യേശു പറഞ്ഞത്. എന്നാല്‍ വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. ആദിയില്‍ വചനത്തിലൂടെ സംസാരിച്ച ദൈവം ഇപ്പോള്‍ മനുഷ്യരൂപത്തില്‍ മനുഷ്യനോടൊപ്പമായി.ദൈവം മോശയോടു പറഞ്ഞു. ഞാന്‍ ഞാന്‍ ആകുന്നു. ആദിയും അന്തവും ഞാനാണ്. കാലത്തിന്‍റെ പൂര്‍ത്തീകരണത്തില്‍ ദൈവം മനുഷ്യനായി. ഞാന്‍ ആണ് ദൈവം. അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റയും ദൈവം. മോശയ്ക്ക് ദൈവം പല രീതിയില്‍ പ്രത്യക്ഷപ്പെട്ടും. അഗ്നിയായും മേഖസ്ഥംഭമായും എല്ലാം.

9.കൂദാശകളുടെ പരികര്‍മ്മം സഭയില്‍ എറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മാമ്മോദീസാ സ്വീകരിച്ച് സഭയില്‍ അംഗങ്ങളായ എല്ലാവരും ഒന്നിച്ചുകൂടി ദൈവത്തെ ആരാധിച്ചിരുന്നു. പരസ്പര സാഹോദര്യത്തിലും സഹവര്‍ത്ത്വത്തിലും അവര്‍ കഴിഞ്ഞു കൂടി. അവര്‍ ആഴ്ച തോറും വീടുകളില്‍ ഒന്നിച്ചു കൂടി ബലി അര്‍പ്പിച്ചിരുന്നു.ദൈവത്തിനു നന്ദിപറയുകയും പാപങ്ങള്‍ക്കൂ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പ്രീര്‍ത്ഥന കഴിയുമ്പോള്‍ പരസ്പരം ചുംബിച്ച് സ്നേഹം പ്രകടിപ്പിച്ചിരുന്നു.പ്രധ‌ാനപുരോഹിതന്‍ അപ്പവും വീഞ്ഞും വാഴ്ത്തി ജനങ്ങള്‍ക്കു നല്‍കിയിരുന്നു. നന്ദിപ്രകാശനത്തിലൂടെ അവര്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പ്രാര്‍ത്ഥനയ്ക്ക് വരാഞ്ഞ ആളുകള്‍ക്കുവേണ്ടിയും അപ്പവും വീഞ്ഞും മാറ്റി വച്ചിരുന്നു.

10.വിശുദ്ധ കുര്‍ബാന ബലിയര്‍പ്പണത്തില്‍ ഉപയോഗിച്ചിരുന്ന അപ്പവും വീഞ്ഞുമാണ് വിശുദ്ധ കുര്‍ബാന. ക്രിസ്തുവിന്‍റെ ഓര്‍മ്മ പുതുക്കലാണിത്. പ്രധാനപുരോഹിതന്‍ ക്രിസ്തുവിന്‍റെ മാതൃകയില്‍ ബലിയര്‍പ്പിക്കുന്നു.സാധാരണ അപ്പവും വെള്ളവുമല്ലിത്. പകരം ക്രിസ്തിവീന്‍റെ ശരീരരക്തങ്ങള്‍ തന്നെയാണിത്. ഇത് ക്രിസ്തുവാണ്. ക്രിസ്തിവിന്‍റെ അന്ത്യത്താഴ അനുസ്മരണമാണിത്. ഇതിലൂടെ നമ്മുടെ ശരീര രക്തവുമായി ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ കൂടിച്ചേരൂകയാണ് ചെയ്യുന്നത്. ഇത് ഒരു ഓര്‍മ്മ പുതുക്കലാണ്. ക്രിസ്തു പറയുന്നു. ഇത് എന്‍റെ ശരീരമാണ്. ഇത് എന്‍റെ രക്തമാണ്. ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്ന്. ക്രിസ്തുവിന്‍റെ ഓര്‍മ്മയ്കായി നാം ഇത് ചെയ്യുന്നു.

11. ആഴ്ചതോറുമുള്ള ആചരണം ഞങ്ങള്‍ ആഴ്ച തോറും ഒരുമിച്ചുകൂടിയിരുന്നു. സമ്പന്നര്‍ ദരിദ്രരെ സഹായിച്ചു. പരസ്പര സാഹോദര്യത്തിലും സഹവര്‍തിത്ത്വത്തിലും കഴിഞ്ഞു. ഞായറാഴ്ച ആയിരുന്നു ഏറ്റവും ആഘോഷപൂര്‍വ്വമായ ബലിയര്‍പ്പണം. വേദപൂസ്തകം വായിക്കുകയും ധ്യാനിക്കുകയും അപ്പം മുറിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചയെ അവര്‍ ദൈവത്തിന്‍റെ ദിവസം എന്നാണ് വിളിച്ചിരുന്നത്. ഒരേ മനസ്സോടേയും ആത്മാവോടെയും അവര്‍ പ്രാര്‍ത്ഥിച്ചു പോന്നു.വിധവകളെയും അനാധരേയും സഹായിച്ചിരുന്നു.

ഉപസംഹാരം വി. ജസ്റ്റിന്‍റെ പഠനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രചകളാണ് അന്തോണിയൂസ് പൂയൂസിനെഴുതിയ ഒന്നാമത്തെയും മാര്‍ക്കൂസ് ഔറേലിയൂസിനെഴുതിയ രണ്ടാമത്തെയും അപ്പോളജികള്‍. എന്നാല്‍ അതിലുപരി ഇത് ക്രൈസ്തവ വിശ്വാസത്തിന്‍റെയും ക്രിസ്തു പഠനങ്ങളുടെയും താത്വിക വെളിച്ചത്തിലുള്ള മനോഹരമായ സമര്‍ത്ഥനങ്ങളും കൂടിയാണ്. മരണത്തെയും, പുനര്‍ ജീവനെയും, ആത്മാവിനെയും, നിത്യതെയെയും കുറിച്ചുള്ള മനോഹരമായ പഠങ്ങള്‍ പിന്നീട് ക്രിസ്തുമതത്തിന് അത്യപൂര്‍വ്വമായ മുതല്‍ക്കൂട്ടുകളായിരുന്നു. അന്നത്തെക്കാലത്തെ ബുദ്ധി ജീവികളെപ്പോലും ക്രിസ്തുമതത്തിന്‍റെ സൗന്ദര്യം മനസിലാക്കിക്കൊടുക്കാന്‍ ജസ്റ്റിന്‍റെ പഠനങ്ങള്‍ക്കു കഴിഞ്ഞു. സാധാരണക്കാരായ വിശ്വാസികളില്‍ നിന്ന് റോമന്‍ സംസ്കാരത്തിന്‍റെയും ഗ്രീക്ക് വിജ്ഞാനത്തിന്‍റെയും അതിര്‍വരമ്പുകള്‍ കടന്ന് അതിനെയെല്ലാം അതിജീവിക്കുന്ന ഒരു പ്രകാശമാനമായ മുഖം ക്രിസ്തുമതത്തിന് കൊടുക്കാനും അതിന്‍റെ പഠനങ്ങളെ കെട്ടുറപ്പുള്ളതാക്കാനും ജസ്റ്റിന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.